സമൂഹമാധ്യമങ്ങളിൽ കുറ്റകരമായ ഉള്ളടക്കം പങ്കുവെച്ചാൽ തടവും പിഴയും; മുന്നറിയിപ്പുമായി നിയമവിദഗ്ധർ

മസ്‌കത്ത്: ഒമാനിൽ സമൂഹമാധ്യമങ്ങളിലൂടെ കുറ്റകരമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി ഉണ്ടാക്കുമെന്ന് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. മറ്റൊരാൾ പ്രസിദ്ധീകരിച്ച ഉള്ളടക്കമാണെങ്കിലും അത് പങ്കുവെക്കുന്നവർക്ക് നിയമപരമായ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവാകാനാകില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കി.

വ്യാജവിവരങ്ങൾ, പ്രകോപനപരമായ പരാമർശങ്ങൾ, മറ്റ് രാജ്യങ്ങളുമായുള്ള ഒമാന്റെ ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് തടവുശിക്ഷക്കും പിഴക്കും  ഇടയാക്കാം. സാധാരണ ഉപയോക്താക്കൾക്കും ഇൻഫ്ലുവൻസർമാർക്കും ഉള്ളടക്ക നിർമാതാക്കൾക്കും ഒരുപോലെ നിയമം ബാധകമാണെന്ന് അഭിഭാഷകരായ ഡോ. അഹ്മദ് ബിൻ അബ്ദുല്ല അൽ ശൻഫരിയും അഹ്മദ് ബിൻ സഈദ് അൽ ലവാത്തിയും ചൂണ്ടിക്കാട്ടി.

ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ ഞായറാഴ്ച സമൂഹമാധ്യമ ഉപയോഗത്തിൽ ഉത്തരവാദിത്തവും ജാഗ്രതയും പാലിക്കണമെന്ന് പൊതുജനങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യങ്ങളെയോ അവയുടെ നേതാക്കളെയോ ജനങ്ങളെയോ അധിക്ഷേപിക്കുന്നതും ഒമാന്റെ വിദേശബന്ധങ്ങളെ ബാധിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചിരുന്നു.

ഒമാനിലെ സൈബർ കുറ്റകൃത്യ നിയമത്തിലെ 20, 23, 26 വകുപ്പുകൾ പ്രകാരമാണ് ഇത്തരം കുറ്റങ്ങൾക്കെതിരെ നടപടിയെടുക്കുക. പൊതുക്രമത്തെയും സദാചാരത്തെയും ബാധിക്കുന്ന ഉള്ളടക്കങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും വിദേശബന്ധങ്ങൾക്കും ദോഷകരമായ ഉള്ളടക്കങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

20-ാം വകുപ്പ് പ്രകാരമുള്ള ചില കുറ്റങ്ങൾക്ക് ഒരു മാസം മുതൽ മൂന്ന് വർഷം വരെ തടവും 1,000 മുതൽ 3,000 ഒമാനി റിയാൽ വരെ പിഴയും ലഭിക്കാം. വിദ്വേഷം, വിഭാഗീയത, സാമൂഹിക വിഭജനം എന്നിവയ്ക്ക് പ്രേരിപ്പിക്കുകയെന്ന പ്രത്യേക ഉദ്ദേശ്യത്തോടെ നടത്തുന്ന ഗുരുതരമായ കുറ്റങ്ങൾക്ക് മൂന്ന് മുതൽ 10 വർഷം വരെ തടവും 5,000 മുതൽ 10,000 റിയാൽ വരെ പിഴയും ലഭിക്കാം.ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് അവയുടെ വസ്തുതകൾ പരിശോധിക്കണമെന്നും സമൂഹമാധ്യമങ്ങളിലെ ഓരോ ഇടപെടലിനും നിയമപരമായ പ്രത്യാഘാതങ്ങളുണ്ടാകാമെന്നും നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Prison term and fines for sharing criminal content on social media; Legal experts issue a warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.