എസ്.എൻ.ഡി.പി. യോഗം ഒമാൻ യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവന്റെ 172-ാമത് ജയന്തിയോടനുബന്ധിച്ച് ഗൾഫ് കോളജ് അങ്കണത്തിൽ സംഘടിപ്പിച്ച ‘ഗുരുവർഷം 172’ ആഘോഷം
ഗുരുദേവ സന്ദേശം ലോകമെമ്പാടും എത്തിക്കണം: ചാണ്ടി ഉമ്മൻ
മസ്കത്ത്: ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദർശനങ്ങളും സന്ദേശങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയാണ് ഓരോരുത്തരും ലക്ഷ്യമാക്കേണ്ടതെന്ന് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം ഒമാൻ യൂനിയന്റെ നേതൃത്വത്തിൽ ഗുരുദേവന്റെ 172-ാമത് ജയന്തിയോടനുബന്ധിച്ച് ഗൾഫ് കോളജ് അങ്കണത്തിൽ സംഘടിപ്പിച്ച ‘ഗുരുവർഷം 172’ ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി, മത, ഭാഷാ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഗുരുദേവ ദർശനം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം കൗൺസിൽ അംഗം പി.ടി. മന്മഥൻ, മലയാളം മിഷൻ സെക്രട്ടറി ശ്രീ അനു ചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി.
ഗുരുദേവന്റെ ലോകദർശനം കാലാതിവർത്തിയായ മാനവിക സന്ദേശമാണെന്ന് പി.ടി. മന്മഥൻ പറഞ്ഞു. ജാതി, മത, വർഗ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന ആശയമാണ് ഗുരുദേവ ദർശനത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ പ്രാധാന്യം വിശദീകരിച്ച അദ്ദേഹം, മതങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്കപ്പുറം പരസ്പര ബഹുമാനവും അറിവും വളർത്തേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.
'വാദിക്കുവാനും ജയിക്കുവാനുമല്ല, അറിയുവാനും അറിയിക്കുവാനുമാണ്' എന്ന ഗുരുദേവ സന്ദേശവും അദ്ദേഹം അനുസ്മരിച്ചു. മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ ഗുരുദേവന്റെ ആത്മോപദേശശതകത്തിലെ മാനവിക സന്ദേശങ്ങൾ വിശദീകരിച്ചു. 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം' എന്ന ഗുരുവചനം ഉദ്ധരിച്ച അദ്ദേഹം, സ്വന്തം സന്തോഷത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും പ്രയോജനപ്പെടണമെന്നതാണ് ഗുരുദേവൻ പഠിപ്പിക്കുന്നതെന്ന് പറഞ്ഞു.
വിദ്യാഭ്യാസം, കായികം, കല തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും കലാ-കായിക രംഗങ്ങളിൽ നേട്ടം കൈവരിച്ചവർക്കും ചാണ്ടി ഉമ്മൻ ഉപഹാരങ്ങൾ കൈമാറി. ഒമാനിലെ വിവിധ എസ്.എൻ.ഡി.പി. ശാഖകളിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികളും സംഗീതവിരുന്നും ആഘോഷത്തിന് മാറ്റുകൂട്ടി.
ഫ്ലവേഴ്സ് ടി.വിയിലൂടെ ശ്രദ്ധേയരായ ഗായകരായ സബാ മൂണും ദേവനാരായണനും സംഗീതവിരുന്ന് അവതരിപ്പിച്ചു. എസ്.എൻ.ഡി.പി. യോഗം ഒമാൻ യൂനിയൻ ചെയർമാൻ എൽ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂനിയൻ കൺവീനർ ജി. രാജേഷ് സ്വാഗതം പറഞ്ഞു. കോർ കമ്മിറ്റി അംഗങ്ങളായ ഡി. മുരളീധരൻ, കെ.ആർ. റിനേഷ്, ബി. ഹർഷകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വസന്തകുമാർ എന്നിവരടക്കമുള്ള ഭാരവാഹികളും വിവിധ ശാഖാ പ്രതിനിധികളും പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.