ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസിന് ഒമാൻ വിദേശകാര്യ മന്ത്രിയുടെ യാത്രയയപ്പ്

മസ്കത്ത്: ഒമാനിലെ നയതന്ത്ര കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസിന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി യാത്രയയപ്പ് സ്വീകരണം നൽകി. ഞായറാഴ്ചയായിരുന്നു ഇരുവരും തമ്മിലെ കൂടിക്കാഴ്ച. ഔദ്യോഗിക കാലാവധിയിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ദൃഢമാക്കാൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് നടത്തിയ മികച്ച ശ്രമങ്ങളെ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളെ പ്രകീർത്തിച്ച മന്ത്രി, അദ്ദേഹത്തിന്റെ ഭാവി നയതന്ത്ര ദൗത്യങ്ങൾക്ക് വിജയശംസകൾ നേരുകയും ചെയ്തു.

ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി-വ്യാപാര ബന്ധങ്ങളെയും പ്രവാസി ക്ഷേമത്തെയും പുതിയ ഉയരങ്ങളിലേക്ക് നയിച്ച ശേഷമാണ് മുതിർന്ന നയതന്ത്രജ്ഞനായ ജി.വി. ശ്രീനിവാസ് ഒമാനിലെ ഇന്ത്യൻ എംബസിയിൽനിന്ന് പടിയിറങ്ങുന്നത്. 1993 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ജി.വി. ശ്രീനിവാസിന് മൂന്ന് പതിറ്റാണ്ടിലധികം നീണ്ട നയതന്ത്ര കരിയറാണുള്ളത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന പ്രശാന്ത് പിസെയാണ് പുതിയ അംബാസഡർ. അദ്ദേഹം വൈകാതെ ചുമതലയേൽക്കുമെന്നാണ് വിവരം.

Tags:    
News Summary - Oman Foreign Minister bids farewell to Indian Ambassador G.V. Srinivas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.