ഒമാൻ കൃഷിക്കൂട്ടം ഒരുക്കിയ വിളവെടുപ്പ് ഉത്സവത്തിൽ പങ്കെടുത്തവർ
മസ്കത്ത് : മരുഭൂമിയിൽ മലയാളികൾ തീർത്ത വിഷരഹിത വിളവുകളുടെ കാഴ്ച്ച ഏറെ സന്തോഷം പകരുന്നതാണെന്നും നാട്ടിൽ കുറഞ്ഞു വരുന്ന കൃഷിസ്നേഹം ഗൾഫിലെ പ്രതികൂല കാലാവസ്ഥയിൽ ഇത്രത്തോളം പ്രതീക്ഷിച്ചിട്ടിലായിരുന്നുവെന്നും സിനിമ സീരിയൽ താരം അനീഷ് രവി പറഞ്ഞു. ഒമാൻ കൃഷിക്കൂട്ടം ഒരുക്കിയ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒമാനിലെ പ്രവാസി മലയാളികൾ വീട്ടുമുറ്റത്തും അടുക്കളത്തോട്ടത്തിലും വിളവെടുത്ത പച്ചക്കറികളും ഫല വിളവുകളും കൊണ്ടാണ് വിളവെടുപ്പ് ഉത്സവത്തിന്റെ പ്രവേശന കവാടം ആകർഷകമായി അലങ്കരിച്ചത്.
മബേല ഗൾഫ് കോളജിലാണ് ഇത്തവണ വിളവെടുപ്പ് ഉത്സവം അരങ്ങേറിയത്. ആറ് പേരിൽ തുടങ്ങി ആറായിരത്തിൽ പരം അംഗങ്ങളായി വളർന്ന് പന്തലിച്ച ഒമാൻ കൃഷിക്കൂട്ടത്തിന്റെ പതിനൊന്ന് വർഷം കൊണ്ടുള്ള വളർച്ച മലയാളിയുടെ കാർഷിക സ്നേഹത്തിന്റെ കയ്യൊപ്പാണെന്ന് കൃഷിക്കൂട്ടം അഡ്മിൻ ഷൈജു വെത്തോട്ടിൽ അധ്യക്ഷ പ്രഭാഷണത്തിൽ പറഞ്ഞു.
ഒരു കുടുംബം പോലെയുള്ള സ്നേഹബന്ധമാണ് പ്രവാസികളായ മലയാളികൾ ഇന്ന് കൃഷിക്കൂട്ടത്തിനോട് കാണിക്കുന്നതെന്നും, ഒമാൻ കൃഷിക്കൂട്ടം അതിന് നൽകുന്ന പ്രോത്സാഹനം വളരെ വലുതാണെന്നും വിശിഷ്ട അതിഥി ഷാഹി അഷ്റഫ് പറഞ്ഞു.താലമേന്തിയ കുട്ടികളുടെ വരവേൽപോടെ വേദിയിൽ എത്തിയ സിനിമ സീരിയൽ താരം അനീഷ് രവി നിലവിളക്ക് കൊളുത്തി വിളവെടുപ്പ് ഉത്സവത്തിന് തുടക്കം കുറിച്ചു. വിത്ത് വിതരണം മുതൽ വിളവെടുപ്പ് വരെ ഒമാൻ കൃഷിക്കൂട്ടത്തിന് ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും നാളുകൾ തന്നെയായിരുന്നു.
ഈ ഉത്സവാഹ്ലാദം ഇനിയും കൂടുതൽ കൃഷി സ്നേഹികൾക്ക് എത്തിക്കാനുള്ള പ്രതിജ്ഞയോടെ വിളവെടുപ്പ് ഉത്സവത്തിന്റെ കൊടിയിറങ്ങി. ഒമാൻ കൃഷിക്കൂട്ടം കർഷക ശ്രീ വിജയികൾക്കും,വിവിധ കൃഷി മത്സരങ്ങളിൽ വിജയിച്ചവർക്കും വിശിഷ്ട അതിഥികളായ അനീഷ് രവിയും, ഷാഹി അഷ്റഫും സമ്മാനദാനം നിർവഹിച്ചു.
മസ്കത്ത്, സുഹാർ ബുറൈമി, കൃഷിക്കൂട്ടം ഏരിയകൾ അവതരിപ്പിച്ച സ്റ്റേജ് പ്രോഗ്രാമുകൾ സദസിന് ആവേശം പകരുന്നതായിന്നു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി കലാ കായിക മത്സരങ്ങളും, ഫൺ ഗെയിമുകളും സംഘടിപ്പിച്ചു. സെൽവി സുമേഷ് സ്വാഗതവും അജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.