ഒമാനിൽ അധിനിവേശ പക്ഷികളെ നിരീക്ഷിക്കാൻ ഇലക്ട്രോണിക് ഇൻഡക്സ് പുറത്തിറക്കി പരിസ്ഥിതി അതോറിറ്റി

മസ്കത്ത്: ഒമാനിൽ വർധിച്ചുവരുന്ന അധിനിവേശ പക്ഷികളെ തടയുന്നതിനുള്ള ദേശീയ കാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി അതോറിറ്റി പുതിയ ഇലക്ട്രോണിക് ഇൻഡക്സ് പുറത്തിറക്കി. സുൽത്താനേറ്റിലുടനീളമുള്ള അധിനിവേശ പക്ഷികളുടെ എണ്ണം ആഴ്ചതോറും നിരീക്ഷിക്കുന്നതിനുള്ള ഒരു ഇന്ററാക്ടീവ് സംവിധാനമാണ് ഇതുവഴി ഒരുക്കിയിരിക്കുന്നത്.

കാർഷിക വിളകൾ നശിപ്പിക്കുന്ന രണ്ട് പക്ഷി വർഗങ്ങളായ മൈന, കാക്ക എന്നിവയുടെ എണ്ണവും അവ കാണപ്പെടുന്ന ഭൂമിശാസ്ത്രപരമായ വിവരങ്ങളും തത്സമയം ട്രാക്ക് ചെയ്യാൻ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സഹായിക്കും. 2022 മുതൽ 2026 വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം, 16,74,030 അധിനിവേശ പക്ഷികളെയാണ് പദ്ധതിയുടെ ഭാഗമായി നിരീക്ഷിക്കുകയോ കൊല്ലുകയോ ചെയ്തത്.

ഇതിൽ 14,43,799 അങ്ങാടിമൈനകളും 2,30,231 കാക്കകളും ഉൾപ്പെടുന്നു. ഒമാനിലെ പ്രാദേശിക പക്ഷികളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നതും ജൈവവൈവിധ്യത്തെ തകർക്കുന്നതും കൃഷിനാശമുണ്ടാക്കുന്നതും തടയാനാണ് പ്രത്യേക എയർ ഗണ്ണുകളും കൂടുകളും ഉപയോഗിച്ച് അധിനിവേശ പക്ഷികളുടെ എണ്ണം നിയന്ത്രിക്കുന്നത്.

 

ഒമാനിൽ ഏറ്റവും കൂടുതൽ അധിനിവേശ പക്ഷികളെ കൊന്നൊടുക്കിയത് വടക്കൻ ബാത്തിന ഗവർണറേറ്റിലാണ്; 6.6 ലക്ഷത്തിലധികം പക്ഷികൾ. അധിനിവേശ പക്ഷികൾക്കെതിരായ ദേശീയ കാമ്പയിൻ ആദ്യമായി ആരംഭിച്ചത് ദോഫാറിലാണ്. പച്ചപ്പും കൃഷിയിടങ്ങളും നിറഞ്ഞ ഈ മേഖലയിലെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ഇവിടെ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

കാമ്പയിൻ ആരംഭിച്ചതു മുതൽ 1,61,410-ലധികം പക്ഷികളെ ഇവിടെ നിന്നും ഇല്ലാതാക്കിയിട്ടുണ്ട്. ഇതിൽ 88,365 മൈനകളും 73,046 നാടൻ കാക്കകളും ഉൾപ്പെടുന്നു. സലാല, താഖ, മിർബാത്ത്, സദാ, ദൽഖൂത്, റക്യൂത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും സർവേ നടത്തി ഇവയെ വേട്ടയാടിയത്.

2025 സെപ്റ്റംബറിലെ കണക്കനുസരിച്ച് തെക്കൻ ബാത്തിനയിൽ മാത്രം രണ്ട് മാസത്തിനിടെ 12,500-ലധികം പക്ഷികളെ കൊലപ്പെടുത്തിയിരുന്നു. മസ്‌കത്തിൽ നിന്ന് ഇതുവരെ 50,012-ലധികം അധിനിവേശ പക്ഷികളെ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. ഒമാനിൽ ആദ്യമായി മൈന പക്ഷിയെ കണ്ടെത്തുന്നത് 1982-ൽ മസ്‌കത്തിലാണ്. നഗരപ്രദേശങ്ങളിൽ ഇവ മറ്റ് പ്രാദേശിക പക്ഷികളുടെ കൂടുകൾ നശിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു.

അധിനിവേശ പക്ഷികളെ നിരീക്ഷിക്കാൻ പുതുതായി ഏർപ്പെടുത്തിയ ഇലക്ട്രോണിക് ഇൻഡക്സ് പദ്ധതിയുടെ പ്രതിവാര മാറ്റങ്ങൾ ഔദ്യോഗിക ഡിജിറ്റൽ പോർട്ടലിലെ ഓൺലൈൻ ഡാഷ്‌ബോർഡ് വഴി പൊതുജനങ്ങൾക്കും വിലയിരുത്താനാകും.

Tags:    
News Summary - Oman Environment Authority launches electronic index to monitor invasive birds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.