പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തില്ല –സെന്‍ട്രല്‍ ബാങ്ക് മേധാവി

മസ്കത്ത്: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശ്യമില്ളെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി ഹമൂദ് ബിന്‍ സന്‍ജൂര്‍ അല്‍ സദ്ജാലി. നിരവധി നിയമവശങ്ങള്‍ മറികടന്നുമാത്രമേ പ്രവാസികളുടെ മേല്‍ നികുതി ചുമത്താന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര നാണയനിധിയുമായി ഒമാന്‍ ഏര്‍പ്പെട്ടിട്ടുള്ള കരാറാണ് നിയപരമായ വശങ്ങളില്‍ പ്രധാനപ്പെട്ടത്. 
വിദേശരാജ്യങ്ങളിലേക്കുള്ള പണം കൈമാറ്റത്തിന് ഒരു നിയന്ത്രണവും ചുമത്താന്‍ പാടില്ളെന്നാണ് ഈ കരാര്‍ വ്യവസ്ഥ ചെയ്യുന്നത്. ഒരു ഗള്‍ഫ് രാഷ്ട്രവും ഇതുവരെ ഇത്തരത്തില്‍ ഒരു നികുതി ഏര്‍പ്പെടുത്തിയിട്ടില്ല. ഈ വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ വിദേശികള്‍ മാതൃരാജ്യത്തേക്ക് അയച്ച പണത്തില്‍ 1.1 ശതമാനത്തിന്‍െറ വര്‍ധനയുണ്ട്. 2.13 ശതകോടി റിയാലാണ് ആദ്യ ആറുമാസ കാലയളവില്‍ ഒമാന് പുറത്തേക്ക് അയച്ചതെന്നും അല്‍ സദ്ജാലി പറഞ്ഞു. 
ഇത്തരം പണമൊഴുക്ക് രാജ്യത്തിന്‍െറ ആഭ്യന്തര സമ്പാദ്യത്തെയും വിദേശനാണ്യ ശേഖരത്തെയും ബാധിക്കുമെങ്കിലും വിദേശ തൊഴിലാളികള്‍ രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ ഇത്തരുണത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്.  രാജ്യത്തിന്‍െറ ഉല്‍പാദക, കയറ്റുമതി മേഖലകളില്‍ വിദേശതൊഴിലാളികള്‍ വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. രാജ്യത്തെ നിരവധി വമ്പന്‍ പ്രോജക്ടുകള്‍ക്ക് പിന്നില്‍ ഇവരുടെ അധ്വാനമുണ്ടെന്നും അല്‍ സദ്ജാലി പറഞ്ഞു. രാജ്യത്തിന്‍െറ സമ്പദ്ഘടനയില്‍ മെല്ളെപ്പോക്ക് ദൃശ്യമാണെന്ന് അല്‍ സദ്ജാലി പറഞ്ഞു. എണ്ണവിലയിലെ ഇടിവുമൂലം വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ ആഭ്യന്തര ഉല്‍പാദനത്തില്‍ കുറവുണ്ടായിട്ടുണ്ട്. 
എണ്ണയിതര മേഖലകളുടെ വളര്‍ച്ച വിവിധ നിലവാരങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ നിക്ഷേപക നിയമം പുതുക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുകയാണ്. കൂടുതല്‍ സുതാര്യവും നടപടിക്രമങ്ങള്‍ എളുപ്പമുള്ളതുമാക്കുന്ന പുതിയനിയമം നിലവില്‍ വരുന്നതോടെ രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാമ്പത്തിക വൈവിധ്യവത്കരണ നടപടികള്‍ ശക്തമായി മുന്നോട്ടുപോവുകയാണ്. 
സുപ്രധാന പദ്ധതികളില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തിയും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനാണ് ലക്ഷ്യമെന്നും അല്‍ സദ്ജാലി പറഞ്ഞു. ഇതുവഴി എണ്ണയിതര വരുമാനത്തില്‍ സ്ഥിരമായ വര്‍ധന സാധ്യമാകും. 2014 നവംബറിലാണ് പ്രവാസികള്‍ നാട്ടില്‍ അയക്കുന്ന പണത്തിന് രണ്ടു ശതമാനം ലെവി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം മജ്ലിസുശ്ശൂറ മുന്നോട്ടുവെച്ചത്. പ്രതിവര്‍ഷം വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്ന മൂന്നു ശതകോടി റിയാലിന് നികുതി ഏര്‍പ്പെടുത്തിയാല്‍ ലഭിക്കുന്ന 62 ദശലക്ഷം റിയാല്‍ ബജറ്റ് കമ്മി മറികടക്കാന്‍ സഹായകമാകുമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഇത് പിന്നീട് സ്റ്റേറ്റ് കൗണ്‍സില്‍ തള്ളിക്കളഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ശൂറാ കൗണ്‍സില്‍ അംഗമായ തൗഫീഖ് അല്‍ ലവാത്തിയും സമാന നിര്‍ദേശം മുന്നോട്ടുവെച്ചു. 
പ്രതിമാസ ശമ്പളത്തിന്‍െറ മൂന്നുശതമാനം വീതം വിസ പുതുക്കുമ്പോള്‍ ഈടാക്കണമെന്ന നിര്‍ദേശം ശൂറാ കൗണ്‍സില്‍ തള്ളിക്കളയുകയായിരുന്നു. ഇത്തരത്തില്‍ നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം രാജ്യത്തെ ദോഷകരമായിട്ടാണ് ബാധിക്കുകയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒമാന്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ തേടുകയും സുപ്രധാന പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഈ സമയത്ത് ഇത്തരമൊരു തീരുമാനം നല്ലതായിരിക്കില്ളെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള വരുമാന നഷ്ടവും ബജറ്റ് കമ്മിയും കുറക്കാന്‍ ഒമാന്‍ വിവിധ നടപടികളാണ് കൈക്കൊള്ളുന്നത്. ഈ വര്‍ഷമാദ്യം ബജറ്റ് പ്രഖ്യാപന വേളയില്‍ 3.3 ശതകോടി റിയാലാണ് പ്രതീക്ഷിത കമ്മി. എന്നാല്‍, ആദ്യ ഏഴു മാസങ്ങളില്‍തന്നെ കമ്മി 4.02 ശതകോടി റിയാല്‍ കവിഞ്ഞു. 
കഴിഞ്ഞവര്‍ഷത്തെ 2.39 ശതകോടി റിയാലിന്‍െറ സ്ഥാനത്താണിത്. ചെലവുചുരുക്കല്‍ നിയന്ത്രിക്കുന്നതിനായി 20 സര്‍ക്കുലറുകളാണ് ധനകാര്യമന്ത്രാലയം ഈ വര്‍ഷം ഇതുവരെ പുറത്തിറക്കിയത്. 
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിയതടക്കം വിവിധ നടപടികളാണ് ഈ സര്‍ക്കുലറുകള്‍ പ്രകാരം കൈക്കൊണ്ടത്. 
 
Tags:    
News Summary - oman central bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.