അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായി യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: സുഹാർ-അബൂദബി യെിൽവേ യാഥാർഥ്യമാക്കുന്നതുൾപ്പെടെ ഇരു രാജ്യങ്ങളുടെയും വികസനത്തിന് കുതിപ്പേകുന്ന 16 കരാറുകളിൽ ഒമാനും യു.എ.ഇയും ഒപ്പുവെച്ചു. യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി അൽ ആലം പാലസിൽ നടന്ന ചടങ്ങിലാണ് കരാറിൽ ഒപ്പുവെച്ചത്. ഊർജം, ഗതാഗതം, വാർത്താവിനിമയം, ലോജിസ്റ്റിക്‌സ്, സമുദ്ര ഗതാഗതം, വ്യവസായ മേഖലകളിലെ സഹകരണം, നിക്ഷേപം, സാംസ്കാരിക, യുവജന മേഖല, കാർഷിക, കന്നുകാലി, മത്സ്യബന്ധന സമ്പത്ത്, ഭക്ഷ്യസുരക്ഷ, ഉന്നതവിദ്യാഭ്യാസം, ശാസ്ത്രഗവേഷണം, തൊഴിൽപരിശീലനം, വാർത്തകളുടെയും വിവരങ്ങളുടെയും കൈമാറ്റം, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വിവര കൈമാറ്റം തുടങ്ങിയ കരാറുകളിലാണ് ഇരുരാജ്യങ്ങളും എത്തിയിരിക്കുന്നത്. ഇത്തിഹാദ് റെയിലുമായും ഒമാനി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഗ്രൂപ്പായ 'ദി ഇന്റലിജൻസ് ഗ്രൂപ്പും' മസ്‌കത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അബൂദബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായും ധാരണയിൽ എത്തിയിട്ടുണ്ട്.
ദ്വിദിന സന്ദർശനത്തിനെത്തിയ ശൈഖ് മുഹമ്മദിന് അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. റോയൽ എയർപോർട്ടിൽ ഇറങ്ങിയ ശൈഖ് മുഹമ്മദിനെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അൽ ആലം കൊട്ടാരത്തിൽ ഇരു നേതാക്കളും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ചൊവ്വാഴ്ച രാത്രി സുൽത്താൻ അൽ ആലം പാലസിൽ ഔദ്യോഗിക വിരുന്നും ഒരുക്കി. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സുൽത്താന്റെ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്), റോയൽ ഒമാൻ പൊലീസ് കമാൻഡർമാർ, അറബ് രാജ്യങ്ങളിലെ അംബാസഡർമാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ശൂറാ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർമാർ തുടങ്ങിയവർ അത്താഴവിരുന്നിൽ പെങ്കടുത്തു.
ശൈഖ് മുഹമ്മദ് ബിൻ സായിദ് യു.എ.ഇ പ്രസിഡൻറായി ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ ഔദ്യോഗിക വിദേശ സന്ദർശനമാണിത്. ആദ്യത്തേത് ഫ്രാൻസിലേക്ക് ആയിരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ക്ഷണം സ്വീകരിച്ചാണ് ഒമാനിലേക്ക് സന്ദർശനത്തിനായി എത്തിയത്. അബൂദബി എക്‌സിക്യൂട്ടിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരടക്കം ഉന്നതരുടെ വൻ നിരയായിരുന്നു അനുഗമിച്ചത്.
മസ്കത്ത്: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ഉന്നത ബഹുമതികൾ പരസ്പരം കൈമാറി രാഷ്ട്രത്തലവന്മാർ.
സുൽത്താൻ ഹൈതം ബിൻ താരിഖിന് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് സായിദ്' നൽകിയാണ് ആദരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സുൽത്താൻ നടത്തിയ ശ്രമങ്ങൾക്ക് അഭിനന്ദന സൂചകമായാണ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചത്. അന്തരിച്ച എലിസബത്ത് രാജ്ഞി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ എന്നിവരുൾപ്പെടെ നിരവധി ലോക നേതാക്കൾക്ക് ഈ അവാർഡ് നേരത്തേ നൽകിയിട്ടുണ്ട്.
സുൽത്താനേറ്റിന്‍റെ ഏറ്റവും വലിയ ഉന്നത ബഹുമതിയായ 'അൽ സഈദ് ഓർഡർ' ശൈഖ് മുഹമ്മദ് ബിൻ സായിദിന് സുൽത്താനും സമ്മാനിച്ചു.
സന്ദർശനത്തിന്‍റെ ഓർമക്കായി സുൽത്താൻ ഒമാനി വാളും മുഹമ്മദ് ബിൻ സായിദ് ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്റെ മാതൃകയും പരസ്പരം കൈമാറി.
മസ്കത്ത്: യു.എ.ഇ-ഒമാൻ രാജ്യങ്ങളുടെ ഗതാഗത മേഖലക്ക് കുതിപ്പേക്കി സുഹാർ-അബൂദബി റെയിൽപാത വരുന്നു. സുഹാർ തുറമുഖത്തെ യു.എ.ഇ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന് കരാറിൽ ഒപ്പുവെച്ചു. യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരിക്കുന്നത്.
ഏകദേശം 1.160 ശതകോടി റിയാൽ ചെലവിലായിരിക്കും പദ്ധതി ഒരുക്കുക. റെയിൽവേ ശൃംഖല നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത കമ്പനി സ്ഥാപിക്കും. യാത്ര, ചരക്ക് സേവനങ്ങൾ നൽകുന്നതിനായി 303 കി.മീറ്റർ ദൂരത്തിലാണ് പദ്ധതി ഒരുക്കുക. ഉയർന്ന അന്താരാഷ്ട്ര സുരക്ഷയും പാരിസ്ഥിതിക മാനദണ്ഡങ്ങളും സ്വീകരിച്ചായിരിക്കും നിർമാണം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗമായിരിക്കും പാസഞ്ചർ ട്രെയിനുണ്ടാകുക. ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ സുഹാറിൽനിന്ന് ദുബൈയിലേക്ക് 100 മിനിറ്റുകൊണ്ടും അൽഐനിലേക്ക് 47 മിനിറ്റുകൊണ്ടും എത്താൻ സാധിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത റെയിൽവേ പദ്ധതി തന്ത്രപരവും സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് അസാദ് ഗ്രൂപ്പിന്റെ സി.ഇ.ഒ എൻജിനീയർ അബ്ദുൽ റഹ്മാൻ ബിൻ സലേം അൽ ഹാത്മി പറഞ്ഞു. ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുന്നതിനോടൊപ്പം ഇരു രാജ്യങ്ങളിലെ ആളുകളെയും വ്യാവസായിക കേന്ദ്രങ്ങളെയും ബന്ധിപ്പിക്കും.
ലോജിസ്റ്റിക് മേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനും യു.എ.ഇയും തമ്മിലുള്ള ദൃഢമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ കരാർ മാറുമെന്ന് ഇത്തിഹാദ് റെയിൽ സി.ഇ.ഒ ഷാദി മാലക് പറഞ്ഞു. യു.എ.ഇ റെയിൽവേ ശൃംഖലയെ സുഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ പ്രാദേശിക തലങ്ങളിൽ വ്യാപാരം സുഗമമാക്കുമെന്നാണ് കരുതുന്നത്.
മസ്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക ഒമാൻ സന്ദർശനം പൂർത്തിയാക്കി യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് മടങ്ങി. ഊർജം, ഗതാഗതം, വാർത്തവിനിമയം, ലോജിസ്റ്റിക്‌സ്, സമുദ്രഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ സഹകരണങ്ങളും ബന്ധങ്ങളും ഊട്ടിയുറപ്പിച്ചാണ് ശൈഖ് മുഹമ്മദ് മടങ്ങിയത്. ഇദ്ദേഹത്തിന്റെ സന്ദർശനത്തിന്‍റെ ഭാഗമായി ഒമാനും യു.എ.ഇയും 16 കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്. യാത്രയയപ്പിന് റോയൽ എയർപോർട്ടിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും സംബന്ധിച്ചിരുന്നു.
ശൈഖ് മുഹമ്മദ് നാഷനൽ മ്യൂസിയം സന്ദർശിച്ചപ്പോൾ
മസ്കത്ത്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് ദേശീയ മ്യൂസിയം സന്ദർശിച്ചു. നാഷനൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ബിൻ ഹസൻ അൽ മൗസാവിയും നിരവധി ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ വരവേറ്റു. ശൈഖ് മുഹമ്മദും പ്രതിനിധി സംഘവും മ്യൂസിയവും അതിന്റെ ഗാലറികളും മറ്റും നോക്കിക്കാണുകയും ചെയ്തു.
ഒമാന്റെ ചരിത്രത്തെയും നാഗരികതയെയും സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് മ്യൂസിയം ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ച് കൊടുത്തു. അബൂദബി മ്യൂസിയത്തിൽ താൽക്കാലിക പ്രദർശനത്തിനായി നാഷനൽ മ്യൂസിയം വാങ്ങിയ ശേഖരങ്ങളും അദ്ദേഹം വീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.