വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫുമായി സൗദി പ്രതിനിധിസംഘം നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: സൗദി അറേബ്യയിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘം വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫുമായി കൂടിക്കാഴ്ച നടത്തി. വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിലെ വ്യാവസായിക വികസന ഡെപ്യൂട്ടി മന്ത്രി എൻജിനീയർ അൽ ബദർ അദേൽ ഫൗദ, സാമ്പത്തിക, ആസൂത്രണ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സാമ്പത്തിക കാര്യ ഡെപ്യൂട്ടി മന്ത്രി അൽബാര അലാസ്കന്ദരാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുൽത്താനേറ്റിൽ എത്തിയിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ ആഴവും, ഒമാന്റെയും സൗദി അറേബ്യയുടെയും ദേശീയ ദർശനങ്ങൾക്ക് അനുസൃതമായി വ്യാവസായിക, വാണിജ്യ, നിക്ഷേപ മേഖലകളിൽ സംയുക്ത സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ഊന്നിപ്പറഞ്ഞു. വ്യാവസായിക, വാണിജ്യ സംയോജനം കൈവരിക്കുന്നതിനും നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങളും അവലോകനം ചെയ്തു.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സഈദ് മസാനും സൗദി പ്രതിനിധി സംഘവുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
വ്യാവസായിക സഹകരണവും സാമ്പത്തിക സംയോജനവും വർധിപ്പിക്കുക, സഹകരണം വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ മേഖലകൾ പര്യവേക്ഷണം ചെയ്യുക, ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വികസിപ്പിക്കുക എന്നിവയിലൂന്നിയായിരുന്നു ചർച്ചകൾ.
വിതരണ ശൃംഖലകളിലും ഉൽപ്പാദനത്തിലുമുള്ള അവസരങ്ങൾ, ഒമാനി, സൗദി വ്യാവസായിക സംവിധാനങ്ങളെ സംയോജിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ, മൂല്യവർധിത വ്യവസായങ്ങളിലെ സഹകരണം എന്നിവ യോഗം ഉയർത്തിക്കാട്ടി.
ഒമാനും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ യോഗം. ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള നിരവധി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.