‘എനിക്കാരുമില്ലെടീ.. ബോറടിക്കുന്നെടീ.. ലളിതാമ്മയുടെ ആ വിളി പിന്നെ വന്നില്ല’..
മസ്കത്ത്: മലയാള ചലച്ചിത്ര രംഗത്ത് തനതായ അഭിനയശൈലി കൊണ്ട് വിസ്മയം തീർത്ത സമാനതകളില്ലാത്ത നടിയായ കെ.പി.എ.സി ലളിതയുമായുള്ള ആത്മബന്ധത്തിന്റെ ഓർമകൾ പങ്കുവെച്ച് നടി മഞ്ജുപിള്ള. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ മലയാള വിഭാഗത്തിന്റെ മുപ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് കലാസാംസ്കാരിക പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ മഞ്ജുപിള്ള ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കവെയാണ് അഞ്ച് പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയിലെ അമ്മ മുഖമായി ജീവിച്ച മലയാളത്തിന്റെ മഹാനടിയുടെ ഓർമയിൽ വികാരാധീനയായത്.
കവിയൂർ പൊന്നമ്മ, സുകുമാരി, കെ.പി.എ.സി ലളിത തുടങ്ങി മുൻ തലമുറയിലെ അമ്മ മുഖങ്ങളെ പറ്റി അഭിപ്രായങ്ങൾ പങ്കുവെക്കവെ, സംസാരം മുഴുവൻ പിന്നീട് കെ.പി.എ.സി ലളിതയിലേക്ക് നീണ്ടു. ഇരുവരും തമ്മിലെ ഹൃദയ ബന്ധത്തിന്റെ നനുത്ത ഏടുകൾ തുറന്നു. കെ.പി.എ.സി ലളിതയുടെ അവസാന നാളുകളിൽ ഇരുവരും തമ്മിലുണ്ടായിരുന്ന വൈകാരിക അടുപ്പത്തെ കുറിച്ച് പറഞ്ഞപ്പോൾ മഞ്ജുപിള്ളയുടെ തൊണ്ടയിടറി, വാക്കുകൾ മുറിഞ്ഞു, കണ്ണുകൾ ഈറനണിഞ്ഞു.
‘‘ഞാനും ലളിതാമ്മയും തമ്മിൽ ഒരു ആത്മബന്ധമുണ്ടായിരുന്നു. അമ്മയും മകളും പോലെ ഒരു വല്ലാത്ത ആഴത്തിലുള്ള ബന്ധമായിരുന്നു അത്. ലളിതച്ചേച്ചിക്ക് എന്തെങ്കിലും ആവശ്യം പറയുമ്പോൾ മകൻ സിദ്ധാർഥ് പോലും എന്നെയാവും കൂട്ടിന് നിർദേശിക്കുക. ഞാൻ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് താമസം മാറുന്നതു തന്നെ ലളിതാമ്മ പറഞ്ഞിട്ടാണ്. അവരുടെ ഫ്ലാറ്റിന് സമീപം തന്നെ മറ്റൊരു ഫ്ലാറ്റിലായിരുന്നു ഞങ്ങൾ താമസിച്ചത്. ലളിതാമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോവുന്നതും ഞാനായിരുന്നു. ഞങ്ങളിങ്ങനെയാണ് എന്ന് പറഞ്ഞു ഫലിപ്പിക്കാൻ എനിക്ക് ആ ഒരു ബന്ധത്തിന്റെ കാര്യത്തിൽ പറ്റില്ല. ചില ബന്ധങ്ങൾ അങ്ങനെയാണ്. എല്ലാം നമുക്ക് വാക്കുകളിൽ പറഞ്ഞുവെക്കാനാവുന്നതല്ല. അന്നും ഇന്നും എന്നും ഞാൻ ഹൃദയത്തോട് ചേർത്തുവെക്കുന്ന അമ്മയാണ് ലളിതാമ്മ. ഇപ്പോഴും ഓർക്കുമ്പോൾ ചെറിയൊരു വിഷമം വരും.
കോവിഡ് സമയത്ത് ലളിതാമ്മ ഒരു തമിഴ് പടം ചെയ്യുകയാണ്. എനിക്കന്ന് കൃഷിപ്പരിപാടിയൊക്കെയുള്ള സമയമാണ്. നല്ല തിരക്കിലായിരുന്നു. എന്നാലും ഗുളിക കഴിക്കും പോലെ രാവിലെയും ഉച്ചക്കും വൈകീട്ടും ലളിതാമ്മ വിളിക്കും. ‘എനിക്കാരുമില്ലെടീ..എനിക്ക് ബോറടിക്കുന്നെടീ.. എനിക്കങ്ങോട്ടു വരണം. എനിക്ക് വരാൻ പറ്റുന്നില്ല. എന്നെ ഇവർ വിടുന്നില്ല’ എന്നൊക്കെ പറയും.
കുംഭകോണത്തെങ്ങാണ്ടോ ആയിരുന്നു ഷൂട്ടിങ്. ദിവസവും ഈ വിളിയും പരിഭവം പറച്ചിലും തുടർന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പിന്നെ ആ വിളി വന്നില്ല. അപ്പോൾ ഞാൻ തിരിച്ചുവിളിച്ച് അന്വേഷിച്ചു. അപ്പോഴാണ് അമ്മ ആശുപത്രിയിലായെന്നറിഞ്ഞത്. അതു കഴിഞ്ഞുപിന്നെ അമ്മ ഓർമയിലേക്ക് വന്നിട്ടില്ല. അതെനിക്ക് ഭയങ്കര വിഷമമാണ്. അത്രയും ആത്മബന്ധത്തിലിരുന്നിട്ട് അവസാന കാലത്ത് കാണാൻ കഴിയാതെ പോയതാലോചിക്കുമ്പോൾ ഇപ്പോഴും ഭയങ്കര സങ്കടമാണ്. ഞാൻ അവസാനമായി കാണുമ്പോൾ അമ്മ കണ്ണടച്ചു കിടക്കുകയാണ്. ‘സ്നേഹത്തോടെ ഒന്നു ചീത്ത പറയാനെങ്കിലും ഒന്നു കണ്ണു തുറക്കമ്മാ’..എന്ന് ഞാൻ മനസ്സിൽ പറഞ്ഞുപോയി. ആ കാഴ്ച എന്റെ മനസ്സിലിപ്പോഴും വിഷമമുണ്ടാക്കുന്നതാണ്...’ -മഞ്ജു പിള്ള കണ്ണു തുടച്ചു.
കവിയൂർ പൊന്നമ്മ, സുകുമാരി, കെ.പി.എ.സി ലളിത തുടങ്ങി മുൻതലമുറക്ക് ശേഷം മലയാള സിനിമയിൽ പിന്നൊരു അമ്മ വേഷത്തിനുള്ള മുഖങ്ങൾ നമുക്ക് പെട്ടെന്ന് ഓർമയിൽ കിട്ടില്ലെന്നും മഞ്ജു പിള്ള പറഞ്ഞു. ‘ഹോം’, ‘ഫാലിമി’ തുടങ്ങിയ സിനിമകളിൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ മഞ്ജു പിള്ള ഇപ്പോൾ അമ്മ വേഷങ്ങളിൽ സജീവമാണെന്ന് ചോദിച്ചപ്പോൾ, അമ്മ വേഷങ്ങൾ എന്റെ മാത്രം തെരഞ്ഞെടുപ്പല്ലെന്നും സാഹചര്യത്തിന്റെ കൂടിയാണെന്നും അവർ പറഞ്ഞു. മുൻതലമുറയുടെ അമ്മ വേഷങ്ങൾ തന്നിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സിനിമയെ സീരിയസായി കണ്ടു തുടങ്ങിയതിന് ശേഷമാണ് എന്റെ ശരീരത്തിന്റെ കാര്യത്തിൽ ഞാൻ കാര്യമായ ശ്രദ്ധ കൊടുത്തുതുടങ്ങിയത്. ഇപ്പോൾ ഞാൻ നല്ലവണ്ണം മെലിഞ്ഞു.ഒരു നടി എന്ന നിലയിൽ എന്റെ ശരീരത്തെ പാകപ്പെടുത്തുന്നതിന്റെ ഭാഗമായികൂടിയാണ് ഈ മാറ്റം.
ഹോം സിനിമയിലെ പ്രകടനത്തിൽ എനിക്ക് അവാർഡ് കിട്ടാത്തതിൽ വിഷമമൊന്നും തോന്നിയില്ലെന്നും പക്ഷേ, ഇന്ദ്രൻസേട്ടന് കിട്ടാത്തതിൽ എനിക്ക് നല്ല വിഷമമുണ്ടായിരുന്നതായും മഞ്ജു പിള്ള പറഞ്ഞു. ‘ഹോം’, ‘ഉടൽ’ സിനിമകളിലെ പ്രകടനത്തിന് അദ്ദേഹത്തെ പരിഗണിക്കേണ്ടതായിരുന്നു. ഹോം പോലൊരു സിനിമയെ ഒരുവിധത്തിലും പരാമർശിക്കുക പോലും ചെയ്യാതിരുന്നതിലെ വിഷമത്തിലേറെ, ആ അവാർഡ് പ്രക്രിയയോടുള്ള വിശ്വാസം നഷ്ടപ്പെടുകയാണുണ്ടായത്. പക്ഷേ, പ്രേക്ഷകർ ഞങ്ങളെ നെഞ്ചോടു ചേർത്തു. മലയാള സിനിമയുടെ ആസ്വാദനതലങ്ങൾ മാറുന്നത് ശുഭസൂചനയാണെന്നും അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.