വടക്കൻ ബാത്തിന ഷിനാസ് വിലായത്തിലെ തന്റെ പപ്പായ കൃഷിയിടത്തിൽ ഖാലിദ് മുഹമ്മദ് അൽ ഖംഷൂയി
മസ്കത്ത്: സുൽത്താനേറ്റിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പുതിയ ചരിത്രമെഴുതുകയാണ് ആധുനിക കാർഷിക പദ്ധതികൾ. പരമ്പരാഗത രീതികളിൽ നിന്ന് മാറി, ഉയർന്ന വിളവും മികച്ച സാമ്പത്തിക നേട്ടവും തരുന്ന കൃഷിരീതികളിലേക്ക് ഒമാൻ ചുവടുവെക്കുമ്പോൾ, അതിനൊരു മികച്ച ഉദാഹരണമായി മാറുകയാണ് വടക്കൻ ബാത്തിന ഷിനാസ് വിലായത്തിലെ ഖാലിദ് മുഹമ്മദ് അൽ ഖംഷൂയി എന്ന കർഷകൻ.
അഞ്ചേക്കർ ഭൂമിയിൽ പപ്പായ കൃഷിയിലൂടെ ഹരിതവിപ്ലവം തീർക്കുകയാണ് ഖാലിദ്. 2023 ലാണ് ഖാലിദ് ഈ സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. ഒമാന്റെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ വിള ഏതാണെന്ന ദീർഘമായ പഠനത്തിനൊടുവിലാണ് അദ്ദേഹം പപ്പായ കൃഷിയിലേക്ക് തിരിഞ്ഞത്. വർഷം മുഴുവൻ വിളവ് ലഭിക്കുമെന്നതും വിപണിയിൽ പപ്പായക്കുള്ള വൻ ഡിമാൻഡും കൃഷിക്ക് ആത്മവിശ്വാസമേകി. എന്നാൽ, തുടക്കം അത്ര എളുപ്പമായിരുന്നില്ല. മണ്ണിലെ പ്രതികൂല ഘടകങ്ങൾ, ജലലഭ്യത കുറവ്, കടുത്ത ചൂടും അന്തരീക്ഷ ഈർപ്പവും, ഗുണമേന്മയുള്ള വിത്തുകളുടെ ദൗർലഭ്യം തുടങ്ങി ഒട്ടനവധി വെല്ലുവിളികൾ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. കൃത്യമായ മോഡേൺ രീതികൾകൊണ്ട് ഖാലിദ് ഈ പ്രതിസന്ധികളെയെല്ലാം വിജയകരമായി മറികടന്നു.
കേരളത്തിലും കർണാടകയിലുമടക്കം വ്യാപകമായി കർഷകർ കൃഷിചെയ്യുന്ന ചൈനീസ് ഇനമായ ‘റെഡ് ലേഡി’, തായ് ഇനം പപ്പായകൾ എന്നിവയാണ് ഈ തോട്ടത്തിൽ തഴച്ചുവളരുന്നത്. രോഗപ്രതിരോധ ശേഷി കൂടിയതും, കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് തരുന്നതുമായ ഈ ഇനങ്ങളുടെ രുചിയും ഗുണമേന്മയും ഉപഭോക്താക്കളെ ഏറെ ആകർഷിക്കുന്നവയാണ്. തൈകൾ നട്ട് കൃത്യം ആറാം മാസം മുതൽ ഇവ കായ്ക്കാൻ തുടങ്ങും. അടുത്ത 36 മാസത്തോളം തുടർച്ചയായി വിളവ് ലഭിക്കും. അനുകൂല സാഹചര്യങ്ങളിൽ ഒരു മരത്തിൽ നിന്ന് മാത്രം 30 മുതൽ 40 കിലോ വരെ പപ്പായയാണ് ഖാലിദിന് ലഭിക്കുന്നത്. തുള്ളിനന സമ്പ്രദായമാണ് തോട്ടത്തിൽ ഉപയോഗിക്കുന്നത്. ഓരോ 36 മണിക്കൂറിലും 15 മിനിറ്റ് വീതം കൃത്യമായ അളവിൽ മാത്രം ജലസേചനം നടത്തി വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറക്കുന്നു. ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ വളക്കൂട്ടുകൾ ജലസേചന ശൃംഖലയിലൂടെ നേരിട്ട് നൽകുന്ന ഫെർട്ടിഗേഷൻ രീതിയാണ് അവലംബിക്കുന്നത്.
തോട്ടത്തിലെ വിളവുകൾ സ്വദേശികളായ വ്യാപാരികൾ വഴി പ്രാദേശിക വിപണിയിലാണ് വിറ്റഴിക്കുന്നത്. വിപണിയിലെ ഡിമാൻഡ് അനുസരിച്ച് കിലോക്ക് ശരാശരി 350 ബൈസ വരെ ലഭിക്കാറുണ്ട്. ഒരു ടൺ പപ്പായ ഉൽപാദിപ്പിക്കുന്നതിന് ഏകദേശം 100 ഒമാനി റിയാലാണ് ചെലവ് വരുന്നത്. ഒമാൻ കാർഷിക-മത്സ്യബന്ധന- ജലവിഭവ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും മികച്ച പിന്തുണ തനിക്ക് ലഭിക്കുന്നതായി ഖാലിദ് ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു. ആവശ്യമായ സാങ്കേതിക ഉപദേശങ്ങളും പരിമിതമായ തോതിൽ വളങ്ങളും നൽകി മന്ത്രാലയം ഈ സംരംഭത്തിന് കരുത്തുപകരുന്നു.
കേവലം പപ്പായ കൃഷിയിൽ മാത്രം ഒതുങ്ങിനിൽക്കാനല്ല ഖാലിദിന്റെ ആഗ്രഹം. വരും ദിവസങ്ങളിൽ കൃഷിഭൂമിയുടെ വിസ്തൃതി കൂട്ടുന്നതോടൊപ്പം, പപ്പായ ഉപയോഗിച്ചുള്ള ജ്യൂസുകൾ, ഡ്രൈഡ് ഉൽപന്നങ്ങൾ തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിലേക്ക് കടക്കാനും അദ്ദേഹം പദ്ധതിയിടുന്നു. ‘കൃഷിഭൂമി ശാസ്ത്രീയമായി ഒരുക്കുക, ആധുനിക ജലസേചന-വളപ്രയോഗ രീതികൾ സ്വീകരിക്കുക എന്നിവയാണ് ഈ രംഗത്തെ വിജയരഹസ്യമെന്ന് പുതിയ നിക്ഷേപകർക്കായി ഖാലിദ് തന്റെ വിജയരഹസ്യം പങ്കുവെക്കുന്നു. നിശ്ചയദാർഢ്യം കൊണ്ട് ഒമാന്റെ മണ്ണിൽ പപ്പായയും വിളയിക്കാമെന്ന് തെളിയിക്കുകയാണ് ഈ കർഷകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.