മസ്കത്ത്: ഒമാനിലെ പ്രമുഖ ഗതാഗത കമ്പനിയായ അൽ ഖഞ്ചരി അജ്മാനിലേക്കും ബസ് സർവിസ് ആരംഭിച്ചു.ദുബൈ, റിയാദ് എന്നിവിടങ്ങളിലേക്കും ഒമാനിലെ ദുകം അടക്കമുള്ള മേഖലകളിലേക്കും അൽ ഖഞ്ചരി സർവിസ് നടത്തുന്നുണ്ട്. അജ്മാനിലേക്ക് ദിവസേന രണ്ട് സർവിസുകളാണ് ആരംഭിച്ചിരിക്കുന്നത്.അജ്മാനിൽനിന്ന് മസ്കത്തിലേക്കും ദിവസേന രണ്ട് സർവിസുകൾ ഉണ്ട്.വൺ വേക്ക് പത്ത് റിയാലാണ് നിരക്ക്.മസ്കത്തിൽനിന്ന് രാവിലെ ആറ് മണിക്കും ഒമ്പത് മണിക്കുമാണ് സർവീസുകൾ.
അജ്മാനിൽനിന്ന് കാലത്ത് ഒമ്പതിനും 11നും തിരിച്ചും സർവിസുകൾ ഉണ്ട്. ഇതോടെ ബസ് ഗതാഗത മേഖലയിൽ കുതിക്കുകയാണ് അൽ ഖഞ്ചരി.സ്വദേശി കമ്പനിയായ അൽ ഖഞ്ചരി 1998 ലാണ് ആരംഭിച്ചത്. നിലവിൽ മസ്കത്തിൽനിന്ന് ദുബൈയിലേക്കും തിരിച്ചും ഖഞ്ചരി സർവിസുകൾ നടത്തുന്നുണ്ട്. മസ്കത്തിൽനിന്ന് ദുബൈയിലേക്ക് കാലത്ത് ഏഴിനും ഉച്ചക്ക് മൂന്നിനും രാത്രി ഒമ്പതിനുമാണ് സർവിസുകൾ ഉള്ളത്. ഈ സർവിസുകളിൽ വൻ തിക്കാണ് അനുഭവപ്പെടുന്നത്.
ഖഞ്ചരിയുടെ മസ്കത്ത് റിയാദ് സർവിസ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതാണ്.നിലവിൽ ഉംറ അടക്കമുള്ള ആവശ്യങ്ങൾക്ക് മക്കയിലും മദീനയിലും പോവുന്നവർ മസ്കത്ത് റിയാദ് സർവിസുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.ഇതോടെ ഈ റൂട്ടിലും തിരക്ക് വർധിച്ചിട്ടുണ്ട്. സൗദി അറേബ്യ ടൂറിസ്റ്റ് വിസ നിയമത്തിൽ ഇളവ് വരുത്തിയതും ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകുന്നതും യാത്രക്കാരുടെ തിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്.
അതിനിടെ അജ്മാൻ സർവിസുകൾ ആരംഭിച്ചത് അജ്മാൻ വഴി ദുബൈയിലേക്ക് പോവുന്നവർക്ക് അനുഗ്രഹമാണ്.ദുബൈയിൽ ടൂറിസ്റ്റ് വിസ നിയമങ്ങൾ കർക്കശനമാക്കിയതോടെ മറ്റു എമിറേറ്റുകൾ വഴി ദുബൈയിലേക്ക് പോവുന്നവരും നിരവധിയാണ്.ഒമാനിൽനിന്നുള്ള ഇത്തരം യാത്രക്കാർക്ക് അജ്മാൻ സർവിസ് ഏറെ ഉപകാരപ്പെടും.ഒമാനിൽനിന്ന് മുവാസലാത്തും യു.എ.ഇ യിലേക്ക് സർവിസ് നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്.ഈദ് അവധി,ദേശീയ ദിനം അടക്കമുള്ള ദേശീയ അവധി ദിവസങ്ങളിൽ തിരക്ക് വൻ തോതിൽ വർധിക്കാറുണ്ട്.പലപ്പോഴും ടിക്കറ്റുകൾ ലഭിക്കാത്തതിനാൽ അധികപേരും സ്വന്തം വാഹനം ഉപയോഗിച്ചാണ് യു.എ. ഇയിലേക്ക് പോവുന്നത്.
ഒമാനിൽ ബസ് സർവിസുകൾ അടുത്ത കാലം വരെ, തീരെ കുറവായിരുന്നു.എന്നാൽ ഇപ്പോൾ മുവാസലാത്തുകൾ പ്രാദേശികവും അന്തർദേശീയവുമായ സർവിസുകൾ വർധിപ്പിച്ചതോടെ ഇതിന് മാറ്റം വന്നിട്ടുണ്ട്.എന്നാൽ, ബസ് സർവിസുകൾ ഇനിയും വർധിപ്പിക്കണമെന്നാണ് യാത്രക്കാർ പറയുന്നത്.കൂടുതൽ സർവിസുകൾ വർധിപ്പിക്കുന്നതോടെ കുടുതൽ യാത്രക്കാർ ബസിനെ ആശ്രയിക്കുമെന്നും യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.