സലാം എയറിന്‍െറ ദുബൈ സര്‍വിസ് 28ന് ആരംഭിക്കും

മസ്കത്ത്: ഒമാന്‍െറ പ്രഥമ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സലാം എയറിന്‍െറ ദുബൈ സര്‍വിസ് ഈമാസം 28ന് ആരംഭിക്കും. അന്നേ ദിവസം വൈകുന്നേരം 5.35ന് പറന്നുയരുന്ന വിമാനം  6.40ന് ദുബൈയില്‍ ഇറങ്ങും. മാര്‍ച്ച് ഒന്നുമുതല്‍ രണ്ടുപ്രതിദിന സര്‍വിസുകളാണ് ദുബൈയിലേക്ക് ഉണ്ടാവുകയെന്നാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്. ഒരു സര്‍വിസ് രാവിലെയും മറ്റൊന്ന് ഉച്ചതിരിഞ്ഞുമായിരിക്കും. 21.6 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്. ഫ്രന്‍ഡ്ലി വിഭാഗത്തില്‍ 25.6 റിയാലും ഫ്ളെക്സിക്ക് 33.6 റിയാലുമായിരിക്കും നിരക്ക്. കുറഞ്ഞ നിരക്കായ ലൈറ്റ് ഫെയര്‍ വിഭാഗത്തില്‍ ഏഴു കിലോ ഹാന്‍ഡ് ബാഗേജ് മാത്രമാകും അനുവദനീയം. 20 കിലോ ലഗേജ് കൂടി അനുവദിക്കുന്ന ഫ്രന്‍ഡ്ലി ഫെയര്‍ വിഭാഗത്തില്‍ ചെറിയ ഫീസ് അടച്ചാല്‍ യാത്രയില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഫ്ളെക്സി ഫെയര്‍ വിഭാഗത്തില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് ലഗേജിനും ഹാന്‍ഡ് ബാഗേജിനും പുറമെ സൗജന്യമായി യാത്ര മാറ്റാന്‍ സാധിക്കും. യാത്ര റദ്ദാക്കുന്ന പക്ഷം ചെറിയ തുക ഫീസായി ഈടാക്കി ഈ വിഭാഗത്തിലുള്ളവര്‍ക്ക് റീഫണ്ട് നല്‍കുകയും ചെയ്യും. 
സലാം എയറിന്‍െറ രണ്ടാമത്തെ വിമാനമായ ഫത്താഹ് അല്‍ ഖൈര്‍ ആണ് ദുബൈയിലേക്ക് സര്‍വിസ് നടത്തുക. സൂറില്‍നിന്ന് 40 വര്‍ഷത്തോളം ലോകം ചുറ്റിയ പ്രശസ്തമായ ഉരുവിന്‍െറ പേരാണ് ഈ വിമാനത്തിന് നല്‍കിയിരിക്കുന്നതെന്ന് സലാം എയര്‍ ചെയര്‍മാന്‍ എന്‍ജിനീയര്‍ ശൈഖ് ഖാലിദ് അല്‍ യഹ്മദി ട്വിറ്ററില്‍ പറഞ്ഞു. കഴിഞ്ഞദിവസം ഈ വിമാനം മസ്കത്തില്‍ എത്തിയിരുന്നു. സലാം എയറിന്‍െറ ആദ്യ വിമാനത്തിന് സലാലയിലെ പുരാതന നഗരമായ സംഹരത്തിന്‍െറ പേരാണ് നല്‍കിയിരിക്കുന്നത്. ദുബൈക്ക് ശേഷം സൗദി,  ഈസ്റ്റ് ആഫ്രിക്ക, പാകിസ്താന്‍ എന്നിവിടങ്ങളിലേക്ക് സര്‍വിസ് നടത്താനും സലാം എയറിന് പദ്ധതിയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ അഞ്ചുവിമാനങ്ങള്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് പദ്ധതിയെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. 
 

Tags:    
News Summary - oman air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.