മസ്കത്ത്: ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന സ്വിച്ച് സംവിധാനങ്ങളിൽ മുൻകരുതൽ പരിശോധനകൾ നടത്തിയതായി ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ. പ്രദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒമാൻ എയർ ചീഫ് ഓപറേറ്റിങ് ഓഫിസർ ക്യാപ്റ്റൻ നാസർ അൽ സാൽമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റെഗുലേറ്ററി മാർഗനിർദേശങ്ങൾക്കനുസൃതമായി, മുൻകരുതൽ നടപടിയായും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടുള്ള തങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായും എല്ലാ ബോയിങ് 787, 737 വിമാനങ്ങളിലും ഇന്ധന സ്വിച്ച് പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒമാൻ എയറിന് എട്ട് ബോയിങ് 787 വിമാനങ്ങളും 23 ബോയിങ് 737 വിമാനങ്ങളുമാണുള്ളത്. ബോയിങ്ങും യുനൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഇന്ധന സ്വിച്ച് ലോക്കുകളുടെ സുരക്ഷ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഒമാൻ എയർ, ഇത്തിഹാദ്, സിംഗപ്പൂർ എയർലൈൻസ് എന്നിവയുൾപ്പെടെ നിരവധി വിമാനക്കമ്പനികൾ പ്രവർത്തന ഉറപ്പിന്റെയും സുരക്ഷാതുടർച്ചയുടെയും താൽപര്യാർഥം കൂടുതൽ മുൻകരുതൽ നടപടികൾക്ക് തീരുമാനിച്ചിരിക്കുകയാണ്. ജൂലൈ 21നകം എല്ലാ ബോയിങ് 787, 737 വിമാനങ്ങളിലെയും ഇന്ധന സ്വിച്ച് ലോക്കിങ് സംവിധാനങ്ങളുടെ മുൻകരുതൽ പരിശോധനകൾക്ക് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ റെഗുലേറ്റർ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സമീപകാല സാങ്കേതിക അവലോകനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദേശം. കഴിഞ്ഞ തിങ്കളാഴ്ച യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ഇത്തിഹാദ്, തങ്ങളുടെ എല്ലാ പൈലറ്റുമാരോടും ഫ്ലീറ്റിലുള്ള 787 വിമാനങ്ങളിലെയും ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ അഹ്മദാബാദ് വിമാനദുരന്തത്തിന് കാരണമായത് എൻജിനുകളിലേക്ക് ഇന്ധനം എത്തിക്കുന്ന സ്വിച്ചുകൾ റൺ മോഡിൽ നിന്ന് കട്ട് ഓഫ് മോഡിലേക്ക് മാറിയതാണെന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിമാന കമ്പനികൾ പരിശോധനക്ക് നിർദേശം നൽകിയിരിക്കുന്നത്. വിമാനത്തിന്റെ എൻജിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്നതിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ നിർണായകമാണ്.
തകർന്ന ബോയിങ് വിമാനത്തിലെ രണ്ട് ഇന്ധന സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ ‘റൺ’ എന്നതിൽ നിന്ന് ‘കട്ട് ഓഫ്’ എന്നതിലേക്ക് നീങ്ങിയതായും ഇത് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ രണ്ട് എൻജിനുകളും ഷട്ട് ഡൗൺ ആകുന്നതിലേക്ക് നയിച്ചതായും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അപകടത്തിൽപെട്ട ബോയിങ് വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ സി.ഇ.ഒ കാംപ്ബെല്‍ വില്‍സണ്‍ പറഞ്ഞു. അതിനിടെ, അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ഇന്ധന സ്വിച്ച് ആറ് വർഷത്തിനിടെ രണ്ടുതവണ മാറ്റിയിരുന്നതായി റിപ്പോർട്ട് പുറത്തുവന്നു. എന്നാൽ, ബോയിങ് കമ്പനിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വിച്ച് മാറ്റിയതെന്നാണ് എയർ ഇന്ത്യ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.