മസ്കത്ത്: രാജ്യത്തേക്ക് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നവർ ഇനി അവയിൽ അടങ്ങിയിരിക്കുന്ന കീടനാശിനിയുടെ തോത് കാണിക്കുന്ന സർട്ടിഫിക്കറ്റും സമർപ്പിക്കണം. ഇന്നുമുതൽ രാജ്യത്തേക്ക് എത്തുന്ന ഉൽപന്നങ്ങൾക്കും ഇൗ നിയമം ബാധകമാണ്. കാർഷിക ഫിഷറീസ് മന്ത്രാലയം ഇതുസംബന്ധിച്ച സർക്കുലർ അതിർത്തികളിലെ കാർഷിക, ഫിഷറീസ് മന്ത്രാലയം ഒാഫിസുകളിലേക്ക് അയച്ചതായി ഗൾഫ്ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്നുമുതൽ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഒപ്പം കയറ്റുമതി ചെയ്ത രാജ്യത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരമുള്ള സർട്ടിഫിക്കറ്റും സമർപ്പിക്കണമെന്നതാണ് സർക്കുലറിലെ നിർദേശം. ഇത്തരം സർട്ടിഫിക്കറ്റുകളില്ലാത്ത ഉൽപന്നങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്നും തിരിച്ചയക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. ഭക്ഷ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ ഇറക്കുമതിക്കാരോടും അധികൃതർ നിർദേശിച്ചു.
പ്രാദേശികമായി പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ അളവ് അടക്കം വിവരങ്ങൾ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് പതിക്കാൻ ഇൗ മാസം ആദ്യം മസ്കത്ത് നഗരസഭ നിർദേശിച്ചിരുന്നു. ഭക്ഷ്യോൽപന്നങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളപക്ഷം നിയമലംഘകരെ എളുപ്പത്തിൽ കണ്ടെത്തുന്നതിനായിരുന്നു മസ്കത്ത് നഗരസഭയുടെ നിർദേശം. അതിനിടെ, കീടനാശിനിയുടെ അളവ് അനുവദനീയമായതിലും കൂടുതലാണെന്ന് കാട്ടി ഒമാനിൽനിന്നുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും യു.എ.ഇ ഏർപ്പെടുത്തിയ വിലക്ക് ഇൗമാസം 15 മുതൽ പ്രാബല്യത്തിൽ വന്നു. ഒമാനിൽനിന്നുള്ള തണ്ണിമത്തൻ, വാട്ടർക്രെസ്, കാരറ്റ് എന്നിവയാണ് നിരോധിത ഉൽപന്നങ്ങളുടെ പട്ടികയിൽ വരുക. നിരോധനത്തിെൻറ ഫലമായി ഒമാനിലെ പഴം, പച്ചക്കറി വ്യാപാരികൾക്ക് ആയിരക്കണക്കിന് റിയാലിെൻറ നഷ്ടമാണ് വരുക.
നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഒപ്പം നിരോധനം നീക്കുന്നതിനുള്ള പരിശ്രമങ്ങളും തുടരുകയാണെന്ന് കാർഷിക, ഫിഷറീസ് മന്ത്രി ഡോ. ഫുആദ് അൽ സജ്വാനി നേരത്തേ അറിയിച്ചിരുന്നു. ഒാരോ ദിവസവും നൂറുകണക്കിന് പഴവും പച്ചക്കറിയുമാണ് ഒമാനിലേക്ക് കയറ്റിയയക്കുന്നത് എന്നതിനാൽ അതിർത്തികളിൽ അവ പൂർണമായും നിരീക്ഷിക്കാൻ മന്ത്രാലയത്തിന് സാധിക്കില്ല. അമിതമായി കീടനാശിനികൾ ഇല്ലാത്ത പച്ചക്കറികളുടെ ഉൽപാദനം ഒാരോ തോട്ടം ഉടമയും സാമൂഹിക ഉത്തരവാദിത്തമായി കാണണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം.
ഉൽപന്നങ്ങൾ കയറ്റുമതിക്ക് മുമ്പ് പരിശോധിക്കണം. ഇതോടൊപ്പം വിദേശി തൊഴിലാളികളുടെ കൃഷിരീതികളും നിരീക്ഷിക്കപ്പെടേണ്ടതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. നിരോധനത്തിെൻറ പശ്ചാത്തലത്തിൽ തോട്ടങ്ങളിൽ പരിശോധന ശക്തമാക്കും. ഉൽപാദനത്തിെൻറ ഒാരോഘട്ടങ്ങളിലും
സാമ്പിളുകൾ ശേഖരിച്ച് കീടനാശിനിയുടെ അളവ് പരിശോധിക്കും. നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.