മസ്കത്ത്: ആഗോളതലത്തിൽ പരിസ്ഥിതി പ്രകടന സൂചികയിൽ (എൻവയൺമെന്റൽ പെർഫോമൻസ് ഇൻഡക്സ്- ഇ.പി.ഐ) ഒമാന് വൻ കുതിപ്പ്. 94 സ്ഥാനങ്ങൾ ഉയർന്ന് ഒമാൻ 55ാം സ്ഥാനത്തെത്തി. ഗൾഫിലും അറബ് ലോകത്തിലും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയതായി അതോറിറ്റി അറിയിച്ചു. സുസ്ഥിരതയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് അംഗീകാരമായി അറബ് എക്സലൻസ് അവാർഡും ഒമാനെ തേടിയെത്തി.

ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ല്ല ബി​ൻ അ​ലി അ​ൽ അം​രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു


ഒമാൻ സുൽത്താനേറ്റിലെ പ്രധാന പരിസ്ഥിതി പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രവർത്തന സൂചികകളുടെയും നേട്ടങ്ങൾ വിശദീകരിച്ച് പരിസ്ഥിതി അതോറിറ്റി നടത്തിയ വാർത്തസമ്മേളനത്തിലാണ് വിശദ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ടത്. പത്താം പഞ്ചവത്സര പദ്ധതി (2021-2025) കാലയളവിൽ കൈവരിച്ച നേട്ടങ്ങൾ അവലോകനത്തിൽ അവതരിപ്പിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 589 പരിസ്ഥിതി പദ്ധതികൾ നടപ്പാക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കി. 2025ഓടെ രാജ്യത്തുടനീളം 32 പ്രകൃതി സംരക്ഷിത മേഖലകൾ പ്രഖ്യാപിച്ചു. ഇതിൽ 13 എണ്ണം കരഭാഗത്തും അഞ്ചെണ്ണം സമുദ്ര ഭാഗത്തും 13 എണ്ണം കര-സമുദ്ര സംയുക്ത മേഖലയിലുമാണ്. ഇതോടെ സംരക്ഷിത പ്രദേശങ്ങളുടെ മൊത്തം വിസ്തീർണം 17,839.57 ചതുരശ്ര കിലോമീറ്റർ ആയി.

മറ്റൊരു പ്രധാന പദ്ധതിയായിരുന്നു 10 ദശലക്ഷം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ എന്ന ദേശീയ പദ്ധതി. ഇതിന്റെ ഭാഗമായി 8,56,142 വൃക്ഷത്തൈകൾ നട്ടു. 6,52,241 വിത്തുകൾ വിതരണം ചെയ്യുകയും 5.91 കോടി വിത്തുകൾ വിതക്കുകയും ചെയ്തു.

കണ്ടൽക്കാട് വനവത്കരണത്തിൽ 1.13 കോടി കണ്ടൽ ചെടികൾ നട്ടുപിടിപ്പിച്ചു. മൊത്തം 1.08 കോടി വൃക്ഷങ്ങൾ ഉൾപ്പെടുന്ന സസ്യാവരണം വികസിപ്പിച്ചതോടെ രാജ്യത്തെ വായു ഗുണനിലവാരം മെച്ചപ്പെടുകയും കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രതിരോധം ശക്തമാകുകയും ചെയ്തു.പ്രകൃതി സംരക്ഷിത മേഖലകളിലെ നിക്ഷേപം ശക്തിപ്പെടുത്താൻ 44 മില്യൺ ഒമാനി റിയാൽ മൂല്യമുള്ള ഒമ്പത് കരാറുകൾ അതോറിറ്റി ഒപ്പുവെച്ചു. 21 തീരദേശ കേന്ദ്രങ്ങളിൽ നടത്തിയ സർവേയിൽ സമുദ്രജലത്തിന്റെ ശരാശരി ഗുണനിലവാരം 96 ശതമാനമായി ഉയർന്നതായി കണ്ടെത്തി. പവിഴപ്പുറ്റ് പുനരുദ്ധാരണത്തിന് അണ്ടർവാട്ടർ മ്യൂസിയം സ്ഥാപിച്ച് എട്ട് പ്രത്യേക ഘടനകൾ വിന്യസിച്ചു. മാലിന്യ മാനേജ്മെന്റിൽ 39ശതമാനം റീസൈക്ലിങ് നിരക്ക് കൈവരിച്ചു. ഇതിനായി 85 റീസൈക്ലിങ് കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഭീഷണിയിലായ സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിൽ ‘ഒമാനി ട്രീ ഗാർഡൻസ്’ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അതോറിറ്റി വ്യക്തമാക്കി. സുസ്ഥിര കെട്ടിടങ്ങളും നഗരങ്ങളും സംബന്ധിച്ച ‘റൗദ ഗ്രീൻ’ സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ ഗൾഫ് അക്രഡിറ്റേഷൻ സെന്ററിന്റെ അംഗീകാരം നേടി. ദേശീയ തലത്തിൽ നടത്തിയ ‘ഗ്രീൻ വിലായത്ത്’ മത്സര വിജയികളെയും അതോറിറ്റി പ്രഖ്യാപിച്ചു. അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ, മഹൗത്ത്, ദുകം, അൽ ജസർ വിലായത്തുകളാണ് വിജയികൾ. സർക്കാർ, പ്രാദേശിക സമൂഹങ്ങൾ, സ്വകാര്യ മേഖല എന്നിവ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്ന സംരംഭമാണതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Oman scores in Environmental Performance Index

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.