അണുവികിരണ അടിയന്തര സാഹചര്യം; സുരക്ഷാ നിർദേശങ്ങളുമായി സിവിൽ ഡിഫൻസ്
മസ്കത്ത്: റേഡിയോളജിക്കൽ, ആണവ മലിനീകരണ സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ സംബന്ധിച്ച് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകി. ദേശീയ റിസ്ക് രജിസ്റ്റർ ബോധവത്കരണ കാമ്പയിന്റെ ഭാഗമായാണ് നിർദേശങ്ങൾ. അണുവികിരണ അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് ജനലുകൾ, വാതിലുകൾ, പുറംഭിത്തികൾ എന്നിവയിൽനിന്ന് അകലം പാലിക്കണം.
ജനലുകളും വാതിലുകളും അടച്ചിടുകയും പുറത്തുനിന്നുള്ള വായു അകത്തേക്ക് എത്തിക്കുന്ന സംവിധാനങ്ങൾ ഓഫ് ചെയ്യുകയും വേണം. അധികൃതർ നിർദേശം നൽകുന്നതുവരെ പുറത്തിറങ്ങരുത്. സംഭവസമയത്ത് പുറത്തായിരുന്നവർ പുറംവസ്ത്രങ്ങൾ അഴിച്ച് അടച്ച പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കുകയും തുറന്ന ശരീരഭാഗങ്ങൾ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുകയും വേണം.
തുറന്നുവെച്ചതോ മലിനമായിരിക്കാമെന്ന് സംശയിക്കുന്നതോ ആയ ഭക്ഷണവും വെള്ളവും ഉപയോഗിക്കരുത്. അടച്ച പാത്രങ്ങളിൽ സൂക്ഷിച്ച ഭക്ഷണവും വെള്ളവും ഉപയോഗിക്കുകയും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും വേണം.അടിയന്തര സാഹചര്യമുണ്ടായാൽ സ്ഥിതിഗതികൾ വിലയിരുത്തി സുരക്ഷാ നടപടികളും ഒഴിപ്പിക്കലും ഏകോപിപ്പിക്കുന്നത് അതോറിറ്റിയുടെ ചുമതലയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.