മസ്കത്ത്: അമേരിക്ക-ഇറാൻ ആണവ വിഷയവുമായി ബന്ധപ്പെട്ട നിർണായക ചർച്ച വെള്ളിയാഴ്ച റോമിൽ നടക്കും. മധ്യസ്ഥത വഹിക്കുന്ന ഒമാ​ൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയാണ് ‘എക്സിലൂ’ടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ നാല് ചർച്ചകളിൽ നിന്നും വ്യത്യസ്തമായ അന്തരീക്ഷത്തിലാണ് അഞ്ചാം ഘട്ട ചർച്ചകൾ നടക്കാൻ പോകുന്നതെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ച് വാഷിങ്ടണും തെഹ്‌റാനും ദിവസങ്ങൾക്ക് മുമ്പ് പരസ്പരവിരുദ്ധമായ നിലപാടുകൾ ആണ് പ്രകടിപ്പിച്ചിരിക്കുന്നത്.ഇറാൻ തങ്ങളുടെ ആണവ പരിപാടി കുറക്കുക മാത്രമല്ല, യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്നുമാണ് യു.എസ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ, സിവിലയൻ ആവശ്യങ്ങൾക്കായി സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോകുമെന്ന് ഇറാനും വ്യക്തമാകിയിട്ടുണ്ട്.​

യുറേനിയം സമ്പുഷ്ടീകരണം ഒരു ‘ചുവപ്പ് രേഖ’യാണെന്നാണ് യു.എസിന്റെ ചർച്ചകൾക്ക് നേതൃത്വം വഹിച്ച സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞിരിക്കുന്നത്. വാഷിങ്ടണിന് ‘സമ്പുഷ്ടീകരണ ശേഷിയുടെ ഒരു ശതമാനം പോലും അനുവദിക്കാൻ കഴിയില്ല’ എന്നും അദേഹം പറഞ്ഞു.

അതേസമയം, യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും അതിന് യു.എസിന്റെ അനുമതി ആവശ്യമില്ലെന്നുമാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ വ്യക്തമാക്കിയിരിക്കുന്നത്. യു.എസുമായുള്ള ചർച്ചകൾ ഫലപ്രാപ്തിയിലെത്തുമോയെന്നതിൽ തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ ഒരു ഫലവുമുണ്ടാവുമെന്ന് തോന്നുന്നില്ല. എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും ആയത്തുല്ല ഖാംനഈ കൂട്ടിച്ചേർത്തു. ഇറാൻ സമ്പുഷ്ടീകരണം ഉപേക്ഷിക്കുന്ന ‘ഒരു സാഹചര്യവുമില്ല’ എന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും അറിച്ചിട്ടുണ്ട്.

ഏപ്രിലിൽ ഒമാന്റെ മധ്യസ്ഥതയിൽ യു.എസും ഇറാനും ചർച്ചകൾ ആരംഭിച്ചതോടെ പിരിമുറുക്കങ്ങൾക്ക് അയവ് വന്നിരുന്നു. എന്നാൽ തെഹ്‌റാന്റെ സമ്പുഷ്ടീകരണത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം ഇരുപക്ഷവും എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമല്ല.

നാലാംഘട്ട ചർച്ച മസ്കത്തിൽ ആയിരുന്നു നടന്നിരുന്നത്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുടെ മധ്യസ്ഥതയിൽ ഏതാണ്ട് മൂന്ന് മണിക്കൂർ നീണ്ടതായിരുന്നു ചർച്ച. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും അമേരിക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്ക്കോഫാും ആയിരുന്നു നാലംഘട്ട ചർച്ചയിൽ പ​ങ്കെടുത്തത്.

ആണവ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി ഇറാൻ, ഒമാൻ, ഖത്തർ വിദേശകാര്യ മന്ത്രിമാരായ ഡോ. അബ്ബാസ് അരഗ്ചി, സയ്യിദ് ബദർ ഹമദ് അൽബുസൈദി, ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവർ ദിവസങ്ങൾക്ക് മുമ്പ് തെഹ്റാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - Nuclear deal: US-Iran crucial talks in Rome on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.