ഇനി നമ്പർ മാറാതെ സിം നെറ്റ്‍ വർക്ക് മാറ്റാം; നമ്പർ പോർട്ടബിലിറ്റി നിയമങ്ങൾ പരിഷ്‍കരിച്ച് ടെലികോം അതോറിറ്റി

മസ്കത്ത്: ഒമാനിൽ മൊബൈൽ, ഫിക്സഡ്-ലൈൻ നമ്പർ പോർട്ടബിലിറ്റി നിയമങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) പരിഷ്കരിച്ചു. നിലവിലുള്ള നമ്പർ മാറ്റാതെ തന്നെ ഉപഭോക്താക്കൾക്ക് മറ്റ് ടെലികോം സേവനദാതാക്കളിലേക്ക് മാറാൻ അനുവാദം നൽകുന്നതാണ് ഈ പുതിയ ചട്ടക്കൂട്.

ഉപഭോക്താക്കൾ ഏത് പുതിയ നെറ്റ്‌വർക്കിലേക്കാണോ മാറാൻ ആഗ്രഹിക്കുന്നത് ആ കമ്പനിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പുതിയ കമ്പനി ഉപഭോക്താവിന്റെ ഐഡന്റിറ്റി പരിശോധിക്കും. വ്യക്തമായ അനുമതി വാങ്ങിയ ശേഷം കമ്പനി നിശ്ചിത സമയത്തിനകം മാറ്റം പൂർത്തിയാക്കണം. ഒരു ഉപഭോക്താവ് നമ്പർ മാറാൻ അപേക്ഷിച്ചാൽ, അവരുടെ തീരുമാനത്തെ സ്വാധീനിക്കാനോ, പുതിയ കമ്പനിയുടെ സേവനങ്ങളെക്കുറിച്ച് ചോദിക്കാനോ, ഓഫറുകൾ നൽകി ഉപഭോക്താവിനെ നിലനിർത്താൻ ശ്രമിക്കാനോ പഴയ കമ്പനിക്ക് അനുവാദമില്ല. നമ്പർ മാറ്റം വൈകിപ്പിക്കാനോ തടസ്സപ്പെടുത്താനോ പാടില്ലെന്നും പരിഷ്‍രിച്ച നിയമത്തിൽ പറയുന്നു.

നിലവിലുള്ള കുടിശ്ശികകൾ ഉപഭോക്താവിന് ഉടൻ തീർപ്പാക്കാൻ പഴയ കമ്പനി സുരക്ഷിതമായ ഇലക്ട്രോണിക് സൗകര്യം ഒരുക്കണം. നമ്പർ മാറി കഴിഞ്ഞ ശേഷവും കുടിശ്ശികകൾ ഈടാക്കാൻ പഴയ കമ്പനിക്ക് അവകാശമുണ്ടായിരിക്കും. എന്നാൽ, പുതിയ നെറ്റ്‌വർക്കിലേക്ക് മാറിയ ശേഷം ഉപഭോക്താവ് പഴയ കുടിശ്ശികകൾ അടച്ചുതീർത്തില്ലെങ്കിൽ പുതിയ കമ്പനി സിം നമ്പർ റദ്ദാക്കേണ്ടി വരും.

അതോടൊപ്പം, മുമ്പ് നമ്പർ പോർട്ട് ചെയ്ത ഉപഭോക്താക്കൾക്ക് വീണ്ടും മറ്റൊരു നെറ്റ്‌വർക്കിലേക്ക് മാറാനും അനുവാദമുണ്ട്. എന്നാൽ നിയമവിരുദ്ധമായി മാറിയതായി കണ്ടെത്തുന്ന നമ്പറുകൾ ഉടൻ റദ്ദാക്കി പഴയ കമ്പനിയിലേക്ക് തന്നെ തിരികെ അയക്കും. പുതിയ ടെലികോം ലൈസൻസ് നേടുന്ന കമ്പനികൾ സേവനം ആരംഭിച്ച് 90 ദിവസത്തിനകം തങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ സെൻട്രൽ നമ്പർ പോർട്ടബിലിറ്റി സിസ്റ്റവുമായി ബന്ധിപ്പിക്കണം. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ നമ്പർ മാറ്റത്തിന് മാത്രമേ ഉപയോഗിക്കാവൂ.

നമ്പർ മാറ്റം വിജയകരമായി പൂർത്തിയാക്കിയാൽ , പുതിയ കമ്പനി ഒരു നമ്പറിന് 1.5 ഒമാനി റിയാൽ വീതം ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും പഴയ കമ്പനിക്കും നൽകണം. ഡിസിഷൻ നമ്പർ 145/2008 പ്രകാരമുള്ള പഴയ നിയമങ്ങൾക്ക് പകരമായാണ് ഇപ്പോൾ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

Tags:    
News Summary - Now you can change SIM network without changing your number; Telecom Authority of India revises number portability rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.