മസ്കത്ത്: രാജ്യത്ത് ചൂട് മുകളിലോട്ട്തന്നെ. മിക്ക ഗവർണറേറ്റുകളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് ശിനാസ് വിലായത്തിലാണ്. 45.9 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ അനുഭവപ്പെട്ട ചൂട്. സുഹാറിൽ 44.7, സുവൈഖ് 44.3, ജഅലൻ ബാനി ബു ഹസ്സൻ43.8 ഡഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ശിനാസിന് പിന്നാലെ കനത്ത ചൂട് അനുഭവപ്പെട്ട മറ്റു പ്രദേശങ്ങൾ.
ഖുറിയാത്ത് (43.6), അൽ അവാബി (43), ബൗഷർ (42.8), സൂർ (42.7), ഖസബ് (42.6), സമൈൽ ( (42.5), ഇബ്ര (42) എന്നിവിടങ്ങളിലും സാമാന്യം ഭേദപ്പെട്ട ചൂടായിരുന്നു. വീണ്ടും വടക്കും പടിഞ്ഞാറൻ കാറ്റ് സജീവമായതോടെയാണ് താപനില കുതിച്ചുയരാൻ തുടങ്ങിയത്. ഞായറാഴ്ച വൈകുന്നേരംവരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളെയും വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.കാറ്റിന്റെ ഫലമായി മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങളും മണൽക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ചയെയും ബാധിച്ചേക്കും.മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെയും പടിഞ്ഞാറൻ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ രണ്ടു മീറ്റർ വരെ ഉയർന്നേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മസ്കത്ത്: കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പുതിയ സമയ ക്രമത്തിൽ വിവിധ ഇന്ത്യൻ സ്കൂളുകൾ പ്രവർത്തിച്ച് തുടങ്ങി. വാദി കബീർ, ദാർസൈത്ത്, മസ്കത്ത് തുടങ്ങിയ ഇന്ത്യൻ സ്കൂളുകളാണ് കഴിഞ്ഞ ദിവസം മുതൽ പുതിയ സമയക്രമത്തിൽ പ്രവർത്തിച്ച് തുടങ്ങിയത്. വേനൽ അവധിക്കാലം ആരംഭിക്കുന്നത് വരെ പുതിയ സമയക്രമം തുടരും. ജൂൺ ആദ്യ വാരം മുതൽ അവധി തുടങ്ങും. ഇന്ത്യൻ സ്കൂൾ വാദികബീറിൽ നഴ്സറി, കിന്റർഗാർട്ടൻ ക്ലാസുകളിൽ രാവിലെ എട്ടു മണി മുതൽ 10.30 വരെയും ഒന്നു മുതൽ അഞ്ചാം തരം വരെ രാവിലെ 7.20ന് ആരംഭിച്ച് 11.15 വരെയും ആറു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ രാവിലെ 7.05 മുതൽ ഉച്ചക്ക് 12 മണി വരെയുമാണ് ക്ലാസ്.
ഇന്ത്യൻ സ്കൂൾ മസ്കത്തിൽ ബാൽവതിക മുതൽ രണ്ടാം ക്ലാസുവരെ രാവിലെ 8.15 മുതൽ 10.45 വരെയാണ് ക്ലാസ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ രാവിലത്തെ ഷിഫ്റ്റിൽ രാവിലെ 7.50 മുതൽ 11 വരെയും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിൽ ഉച്ച തിരിഞ്ഞ് മൂന്നു മുതൽ വൈകിട്ട് ആറു വരെയുമാണ് ക്ലാസ് സമയം. അഞ്ചു മുതൽ എട്ടു വരെ ക്ലാസുകളിൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെയും ഒമ്പതു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് 12.15 വരെയുമാണ് ക്ലാസ്. ഐ.എസ്.ഡിയിൽ ബാൽവതിക മുതൽ അഞ്ചാം തരം വരെ രാവിലെ 7.45ന് ആരംഭിച്ച് 11 മണി വരെയാണ്. ആറു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ രാവിലെ 6.45 മുതൽ ഉച്ചക്ക് 12 മണി വരെയും ഉച്ചക്കശേഷമുള്ള ഷിഫ്റ്റിൽ ഉച്ച തിരിഞ്ഞ് മൂന്നു മുതൽ വൈകിട്ട് ആറു മണി വരെയുമാണ് ക്ലാസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.