എണ്ണയിതര വരുമാനം ലക്ഷ്യം: കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ പദ്ധതി

മസ്കത്ത്: എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒമാനിൽ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കാനൊരുങ്ങി ടൂറിസം മന്ത്രാലയം.

ഇതിന്‍റെ ആദ്യപടിയായി മസ്കത്ത്, അൽ ദാഖിലിയ, തെക്കൻ ശർഖിയ, ദോഫാർ, മുസന്തം എന്നീ ഗവർണറേറ്റുകളിൽ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തുമെന്ന് ടൂറിസം മന്ത്രി സാലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു.

കോവിഡ് മഹാമാരിക്കാലത്തുണ്ടായ തിരിച്ചടികളിൽ നിന്ന് വിനോദസഞ്ചാര മേഖലയെ പഴയകാല പ്രതാപത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കുകയും മറ്റ് സാമ്പത്തിക സ്രോതസ്സുകളെ വികസിപ്പിക്കുകയും ചെയ്യുകയെന്ന 'ഒമാൻ വിഷൻ 2040'യുടെ ലക്ഷ്യം മുൻനിർത്തിയുള്ള നടപടികളാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ലോൺലി പ്ലാനറ്റ് തയാറാക്കിയ, 2022ൽ നിർബന്ധമായും കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ ഒമാൻ ഇടംപിടിച്ചിരുന്നു. കൂക്ക് ഐലൻഡ്, നോർവേ, മൊറീഷ്യസ് എന്നിവക്കുപിന്നാലെ ഏഴാം സ്ഥാനത്താണ് ഒമാനെത്തിയത്. പർവതങ്ങളും മരുഭൂമിയും കടൽത്തീരവുമൊക്കെ ഒരുക്കുന്ന പ്രകൃതി സൗന്ദര്യവും ബദൂവിയൻ സംസ്കാരത്തിന്‍റെ മഹത്വവും അറബ് പൈതൃക സ്മാരകങ്ങളുടെ സംരക്ഷണവുമൊക്കെയാണ് ഒമാനിന്‍റെ സവിശേഷതയെന്ന് ലോൺലി പ്ലാനറ്റ് ചൂണ്ടിക്കാട്ടിയിരുന്നു.

മസ്കത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക്, റോയൽ ഓപറ ഹൗസ്, മത്ര സൂഖ്, നിസ്വയിലെ കോട്ടകളും പള്ളികളും ഫലജ് സംവിധാനവും പഴയ മാർക്കറ്റുകളും, മുസന്ദം ബീച്ച്, പർവതങ്ങളായ ജബൽ അഖ്ദർ, ജബൽ ഷംസ്, സലാലയിലെ വെള്ളച്ചാട്ടങ്ങൾ എന്നിവയുടെയെല്ലാം ആകർഷണീയത ലോൺലി പ്ലാനറ്റ് എടുത്തുപറയുന്നുണ്ട്. ദാഖിലിയ ഗവർണറേറ്റിലെ ബഹ്ല വിലായത്തിലെ കരകൗശല വസ്തുക്കളും കളിമൺ ശിൽപങ്ങളും തെക്കൻ-വടക്കൻ ശർഖിയ ഗവർണറേറ്റുകളിലെ മരുഭൂമികളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ടൂറിസം നിയമം, സാംസ്കാരിക-പൈതൃക നിയമം എന്നിവയിലെ ഭേദഗതിയടക്കമുള്ള കാര്യങ്ങൾ ടൂറിസം വികസനത്തിനായി മന്ത്രാലയം പരിഗണിക്കുന്നുണ്ട്.

2023ഓടെ 300 കോടി റിയാലിന്‍റെ നിക്ഷേപമാണ് ടൂറിസം മേഖലയിൽ ലക്ഷ്യമിട്ടിരിക്കുന്നതെന്നും 170 കോടിയുടെ നിക്ഷേപം ഇതുവരെ നടന്നെന്നും മന്ത്രി വ്യക്തമാക്കി. 21 ഇന്‍റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകളും നിർമിക്കും. ഇതിൽ 11 എണ്ണം സർക്കാർ ഭൂമിയിലാണ്. അഞ്ചെണ്ണത്തിന്‍റെ കരാർ ഒപ്പിട്ടിട്ടുണ്ട്. സ്വകാര്യ ഭൂമിയിലുള്ള 10 ഐ.ടി.സികളിൽ നാലെണ്ണത്തിന് കരാറായിട്ടുണ്ട്.

Tags:    
News Summary - Non-oil revenue target: Plan to develop more tourist destinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.