മസ്കത്ത്: ഇന്ത്യയും റഷ്യയും അരി കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത് ഒമാൻ വിപണിയെ ബാധിക്കില്ലെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിലവിൽതന്നെ മകച്ച അരി ശേഖരം രാജ്യത്തുണ്ടെന്നും പാകിസ്താനിൽ നിന്നും തായ്ലൻഡിൽ നിന്നും ഇറക്കുമതി തുടരുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇന്ത്യയും റഷ്യയും ബസ്മതി അല്ലാത്ത അരിയുടെ കയറ്റുമതിയാണ് കഴിഞ്ഞമാസം വിലക്കിയത്.
ഈ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ അരിലഭ്യത സംബന്ധിച്ച് ആശങ്കയുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണം നൽകിയിരിക്കുന്നത്. സുൽത്താനേറ്റിൽ വെള്ള അരിയുടെ ശേഖരം ആവശ്യത്തിനുണ്ടെന്നും സർക്കാറും സ്വകാര്യ മേഖലയും സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രാലയം വക്താവ് പറഞ്ഞു. നിലവിൽ ഒമാനിൽ അരിയുൽപാദനം നടക്കുന്നില്ല. മുഴുവൻ അരിയും ഇറക്കുമതി വഴിയാണ് ലഭിക്കുന്നത്.
ആഭ്യന്തര വിപണിയിൽ അരിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഇന്ത്യ ബസ്മതി അല്ലാത്തവയുടെ കയറ്റുമതി വിലക്കിയത്. ലോകത്തെ 40 ശതമാനം അരി കയറ്റുമതിയും ഇന്ത്യയിൽ നിന്നായതിനാൽ വിപണിയിൽ ക്ഷാമവും വിലക്കയറ്റവുമുണ്ടാകുമെന്ന ആശങ്ക വ്യാപിച്ചിരുന്നു. ഇന്ത്യയിൽ മൺസൂൺ മഴ കൃഷിയെ വലിയ രീതിയിൽ ബാധിച്ചതാണ് അരിയുടെ കുറവിന് കാരണമായത്. യുക്രൈനുമായി യുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് റഷ്യ അരി കയറ്റുമതി വിലക്കാൻ നിർബന്ധിതരായത്.
അതിനിടെ യു.എ.ഇ അരിയുടെയും അരിയുൽപന്നങ്ങളുടെയും കയറ്റുമതിക്കും പുനർകയറ്റുമതിക്കും നാലുമാസത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നിലവിൽവന്ന ഉത്തരവ് സാമ്പത്തിക മന്ത്രാലയമാണ് പുറത്തുവിട്ടത്. ഇന്ത്യ അരി കയറ്റുമതി നിർത്തിവെച്ചതിനാൽ പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയുടെ തീരുമാനം.
ഈ മാസം 20നാണ് ഇന്ത്യ കയറ്റുമതി വിലക്കിയത്. അതേസമയം, കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിർബന്ധ സാഹചര്യങ്ങളിൽ അരി കയറ്റി അയക്കണമെങ്കിൽ ഇന്ന് മുതൽ പ്രത്യേക അനുമതി വാങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. തായ്ലൻഡ്, വിയറ്റ്നാം, പാകിസ്താൻ, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്ന് അരി കൂടുതലായി എത്തിക്കാനാണ് യു.എ.ഇയിലെ ഇറക്കുമതി സ്ഥാപനങ്ങൾ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.