കണ്ണൂർ വിമാനത്താവളം
മസ്കത്ത്: കേരളത്തിലെ നവീന സൗകര്യങ്ങളുള്ള കണ്ണൂർ വിമാനത്താവളത്തോടുള്ള ചിറ്റമ്മ നയത്തിനെതിരെ പ്രതിഷേധവുമായി പ്രവാസി യാത്രക്കാർ. കണ്ണൂരിലേക്ക് അന്താരാഷ്ട്ര വിമാനങ്ങൾക്ക് അനുമതി നൽകുന്ന ‘പോയന്റ് ഓഫ് കാൾ ’ നിരസിച്ചതിന് പിന്നാലെ കണ്ണൂരിൽനിന്ന് മസ്കത്തിലേക്ക് സർവിസ് നടത്തുന്ന എയർ ഇന്ത്യ എക്പ്രസ് സർവിസ് കുറച്ചതാണ് യാത്രക്കാരെ ചൊടിപ്പിക്കുന്നത്.കണ്ണൂരിൽ നിന്ന് മസ്കത്തിലേക്കുള്ള ഗോഫസ്റ്റ് സർവിസ് നിർത്തിയതോടെ മസ്കത്തിലെ കണ്ണൂരുകാരുടെ യാത്രാ ദുരിതം ആരംഭിച്ചിരുന്നു.
ആദ്യകാലത്ത് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസ് കുറവായിരുന്നെങ്കിലും ഏറെ മുറവിളിക്ക് ശേഷമാണ് ആറായി വർധിപ്പിച്ചത്. എന്നാൽ,എയർ ഇന്ത്യ എക്പ്രസിന്റെ അടുത്ത മാസം പകുതിവരെയുള്ള പുതിയ ഷെഡ്യൂളിൽ സർവിസുകൾ നാലായി കുറച്ചിട്ടുണ്ട്. ചൊവ്വ, വെള്ളി , ശനി, ഞായർ ദിവസങ്ങളിലാണ് ഇപ്പോൾ സർവിസ് ഉള്ളത്.
മസ്കത്തിൽനിന്ന് പുലർച്ച 2.50 ന് പുറപ്പെട്ട് രാവിലെ 7.50ന് കണ്ണൂരിൽ എത്തുന്ന രീതിയിലാണ് എയർ ഇന്ത്യയുടെ സർവിസ്. എയർ ഇന്ത്യ എക്പ്രസ് സർവിസ് കുറച്ചതോടെ കണ്ണൂർ വിമാനത്താവളത്തെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർ ദുരിതത്തിലായിരിക്കുകയാണ്. സർവിസ് കുറഞ്ഞതോടെ നിരവധി പേർ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. ഇതോടെ കോഴിക്കോട് അടക്കമുള്ള വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യേണ്ടവർക്ക് ഏറെ മണിക്കൂറുകൾ
ട്രെയിനിലും മറ്റു വാഹനങ്ങളിലുമായി യാത്ര ചെയ്താണ് വിമാനം പിടിക്കേണ്ടത്. ഇതിനിടെ ഗതാഗത കുരുക്കും മറ്റുമൊക്കെയാവുമ്പേൾ പലപ്പോഴും വിമാനം നഷ്ടപ്പെടുകയും ചെയ്യും. കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ അനുവദിക്കുകയാണെങ്കിൽ 20 ലധികം അന്താരാഷ്ട്ര വിമാന കമ്പനികൾ കണ്ണൂരിലേക്ക് പറക്കാൻ തയാറാണെന്നാണ് വിമാനത്താവളം അധികൃതർ പറയുന്നത്. പോയന്റ് ഓഫ് കാൾ ലഭിക്കാൻ കണ്ണൂരിലെ ജന പ്രതിനിധികൾ അടക്കം അധികൃതരെ സമീപിച്ചെങ്കിലും ഇത് വരെ കാര്യമുണ്ടായിട്ടില്ല.
എം.പിമാരായ കെ. സുധാകരൻ, ജോൺ ബ്രിട്ടാസ്, സന്തോഷ് കുമാൻ, വി. ശിവദാസൻ, കെ.സി. വേണുഗോപാൽ, രാജ് മോഹൻ ഉണ്ണിത്താൻ, പി. ടി. ഉഷ എന്നിവർ കേന്ദ്രത്തെ സമീപിച്ചെങ്കിലും കാര്യമായ ചലനമൊന്നും ഉണ്ടായിട്ടില്ല. അതിനിടെ കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽനിന്ന് വ്യക്തമാവുന്നത്. 2023-2024 സാമ്പത്തിക വർഷത്തിൽ കണ്ണൂരിലേക്കുളള യാത്രക്കാരുടെ എണ്ണം 6.7 ശതമാനം കുറഞ്ഞു. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുമ്പോഴാണിത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനത്തിലും മുൻ വർഷത്തെക്കാൾ വൻ കുറവാണുള്ളത്. കഴിഞ്ഞ വർഷം മുൻ വർഷത്തെ അപേക്ഷിച്ച് 13.42 കോടിയുടെ കുറവാണുള്ളത്. 2022-23 കാലത്ത് 12,57,086 യാത്രക്കാരാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണം 11,77,891 ആയി കുറഞ്ഞു. കണ്ണൂരിൽ നിന്ന് സർവിസ് നടത്തുന്ന വിമാന സർവിസുകളിലും 19 ശതമാനം കുറവാണുള്ളത്.
കണ്ണൂർ വിമാനത്താവളത്തെ തകർക്കാൻ അനുവദിക്കില്ലെന്നും ശക്തമായ സമര പരിപാടികളുമായി മുമ്പോട്ട് പോവുമെന്നുമാണ് മസ്കത്തിലെ കണ്ണൂർ യാത്രക്കാർ പറയുന്നത്. പ്രതിഷേധ പരിപാടികളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്നും പോയന്റ്ഓഫ് കോൾ ലഭിക്കാൻ കേന്ദ്രത്തിൽ കൂടുതൽ സമ്മർദങ്ങൾ നടത്തുമെന്നും ഇവർ പറയുന്നു. പോയന്റ് ഓഫ് കാൾ പദവി ലഭിക്കുന്നതോടെ കൂടുതൽ വിമാനങ്ങൾക്ക് കണ്ണൂരിൽ നിന്ന് സർവിസ് നടത്താൻ കഴിയുമെന്നും അതോടെ കണ്ണൂർ വിമാനത്താവളത്തിന്റെ ചിത്രം തന്നെ മാറുമെന്നും യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.