മസ്കത്ത്: രാജ്യത്തെ തണുത്ത കാലാവസ്ഥ മാറി പതിയെ ചൂടിലേക്ക് നീങ്ങുന്നു.ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് മിക്ക ഗവർണറേറ്റുകളിലും താപനില 20 ഡിഗ്രി സെൽഷ്യസും അതിനു മുകളിലും ഉയരാൻ സാധ്യതയുണ്ട്. തലസ്ഥാന നഗരിയിലെ സീബിൽ ഏറ്റവും കൂടിയത് 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 20ഉം, ആമിറാത്തിൽ കൂടിയത് 28ഉം കുറവ് 19ഡിഗ്രിയും ആണ്.
സുഹാർ 26,19, നിസ്വ 32,18, സൂർ 35,19, ദുകം 28, 19 ഹൈമ 31,18, സലാല 25, 19 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അൽഖാമിൽ വൽവാഫി പോലുള്ള പ്രദേശങ്ങളിൽ താപനില നിലവിൽ 30 കടന്നിട്ടുണ്ട്.ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടാറുള്ള ജബൽ ശംസിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടിയ താപനില 18ഉം കുറവ് 11 ഡിഗ്രിയുമായിരുന്നു.സൈഖിൽ ഇത് യഥാക്രമം 20, 13 ആയും ഉയരും.
അതേസമയം, കഴിഞ്ഞ മാസംവരെ നല്ല തണുപ്പായിരുന്നു രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും ഉണ്ടായിരുന്നത്. കഴിഞ്ഞ കുറേ വർഷങ്ങൾക്കുശേഷം ഇതാദ്യമായിട്ടാണ് ഇത്രയും നീണ്ട തണുപ്പ് അനുഭവപ്പെടുന്നതെന്ന് ആദ്യകാല പ്രവാസികൾ പറഞ്ഞു. പൊതുവേ ഡിസംബറിൽ തണുപ്പ് തുടങ്ങി ജനുവരി ആദ്യ ആഴ്ചയോടെതന്നെ പതിയെ ചൂടിലേക്ക് നീങ്ങുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.
തണുപ്പ് ഏറെ ഊർജം പകർന്നത് രാജ്യത്തെ ടൂറിസം മേഖലക്കാണ്. സ്വദേശികളും വിദേശികളുമുൾപ്പെടെ നിരവധിപേരാണ് ഈ അനുകൂലമായ കാലാവസ്ഥ പ്രയോജനപ്പെടുത്തി പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്. മസ്കത്ത് ഫെസ്റ്റിവലടക്കം വിവിധ ശൈത്യകാല പരിപാടിയിലും മികച്ച തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.