മസ്കത്ത്: ഈ വർഷം ആദ്യ പകുതിയിൽ ഒമാൻ പ്രകൃതി വാതക, എണ്ണ കയറ്റുമതി എട്ട് ശതമാനം വർധിച്ചു. ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് 8.569 ശതകോടി റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7.931 ശതകോടിയായിരുന്നു കയറ്റുമതി വരുമാനം. ഓരോ വർഷവും കടൽ വഴിയുള്ള കയറ്റുമതി 7.6 ശതമാനം ഉയരുന്നുണ്ട്. മൊത്തം കടൽ വഴിയുള്ള കയറ്റുമതി 13.72 ശതകോടിയിലെത്തി.
അസംസ്കൃത എണ്ണയുടെ കയറ്റുമതിയാണ് വളർച്ചയിൽ മുന്നിൽ നിൽക്കുന്നത്. അസംസ്കൃത എണ്ണ 7.6 ശതമാനം വർധിച്ച് ഈ വർഷം ജൂലൈ വരെയുള്ള കാലയളവിൽ 5.962 ശതകോടി റിയാലിലെത്തി. ശുദ്ധീകരിച്ച എണ്ണ ഉൽപന്നങ്ങളുടെ കയറ്റുമതിയിലും വലിയ വർധനയുണ്ടായിട്ടുണ്ട്.
ഈ വിഭാഗത്തിന്റെ കയറ്റുമതി 30.2 ശതമാനം വർധിച്ച് 1.163 ശതകോടി റിയാലിലെത്തി. എന്നാൽ, പ്രകൃതി വാതക കയറ്റുമതിയിൽ ഈ വർഷം നേരിയ കുറവുണ്ടായിട്ടുണ്ട്. ഇത് 3.6 ശതമാനം കുറഞ്ഞ് 1.444 ശതകോടിയിലെത്തി. എണ്ണയേതര ഉൽപന്നങ്ങളുടെ കയറ്റുമതിയും വർധിച്ചിട്ടുണ്ട്. ഈ വിഭാഗം കയറ്റുമതി 5.1ശതമാനം വർധിച്ച് 4.152 ശതകോടിയിലെത്തി. ധാതു ഉൽപന്നങ്ങളുടെ കയറ്റുമതിയും 17.4 ശതമാനം വർധിച്ച് 1.514 ശതകോടിയിലെത്തി. ലോഹങ്ങളുടെ കയറ്റുമതിയും 2.8 ശതമാനം വർധിച്ചിട്ടുണ്ട്.
രാസ ഉൽപന്നങ്ങളുടെ കയറ്റുമതി 2.9 ശതമാനം വർധിച്ചു. എന്നാൽ മൃഗങ്ങളുടെയും മൃഗ ഉൽപന്നങ്ങളുടെയും കയറ്റുമതി 17.4 ശതമാനം കുറഞ്ഞ് 195 ദശലക്ഷം റിയാലിലെത്തി. പുനർ കയറ്റുമതിയിൽ വൻ വളർച്ച ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ ഇവ 14.7 ശതമാനം വർധിച്ച് 999 ദശലക്ഷം റിയാലിലെത്തി. ഗതാഗത ഉപകരണങ്ങളുടെ പുനർ കയറ്റുമതി 12 ശതമാനം വർധിച്ചു. എന്നാൽ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി 4.6 ശതമാനം കുറഞ്ഞു. ഭക്ഷ്യ ഉൽപന്നങ്ങൾ ശീതളപാനീയങ്ങൾ പുകയില ഉൽപന്നങ്ങൾ എന്നിവയുടെ പുനർ കയറ്റുമതിയും 20.7 ശതാമാനം വർധിച്ചു. ധാതു ഉൽപന്നങ്ങളുടെ പുനർകയറ്റുമതിയിലാണ് വൻ വളർച്ചയുണ്ടായത്. 77.2 ശതമാനം വളർച്ചയാണ് ഈ മേഖലയിലെ കയറ്റുമതിയിലുണ്ടായത്. ഇറക്കുമതിയിലും 11.7 ശതമാനം വർധനവുണ്ടായി. 11.7 വർധിച്ച് 9.416 ശതകോടി റിയാലിലെത്തി. ധാതു ഉൽപന്നങ്ങളിലാണ് ഏറ്റവുും കൂടുതൽ ഇറക്കുമതി ഉണ്ടായത്. ഈ രംഗത്ത് 23.6 ശതമാനം വർധനയുണ്ടായി. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിലും 22.1 ശതമാനം വർധനമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.