മസ്കത്ത്: ജൂണ്‍ 10 മുതല്‍ 20 വരെ താജികിസ്താനില്‍ നടക്കുന്ന നേഷന്‍സ് കപ്പ് 2023 ഫുട്ബാൾ ടൂര്‍ണമെന്റില്‍ ഒമാന്‍ പങ്കെടുക്കും. ഗ്രൂപ് എയില്‍ ആതിഥേയരായ താജികിസ്താന്‍, ഉസ്ബകിസ്താന്‍, തുർകുമെനിസ്താന്‍ എന്നീ ടീമുകള്‍ക്കൊപ്പമാണ് ഒമാന്‍. ഗ്രൂപ് ബിയില്‍ ഇറാന്, കിര്ഗിസ്താന്, അഫ്ഗാനിസ്താന് ടീമുകളുമാണുള്ളത്. സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ നറുക്കെടുപ്പ് തജികിസ്താന്‍ നഗരമായ ദുഷാന്‍ബെയില്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ഫിഫ റാങ്കിങ്ങില്‍ ഒമാന്റെ തൊട്ടടുത്ത സ്ഥാനക്കാരയ ഉസ്ബകിസ്താന്‍ ഗ്രൂപ് എയില്‍ ഒമാന്‍ വലിയ വെല്ലുവിളി ഉയര്‍ത്തും. ജൂണ്‍ 11ന് ഇരു ടീമുകളും ഏറ്റുമുട്ടും. 14ന് താജികിസ്താനെയും 17ന് തുർകുമെനിസ്താനെയും റെഡ് വാരിയേഴ്സ് നേരിടും. ഗ്രൂപ്പുകളിലെ ആദ്യ സ്ഥാനക്കാര്‍ ഫൈനല്‍ യോഗ്യത നേടും.
ഖത്തറില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാകപ്പ്, 2026 ലോകകപ്പിലേക്കുള്ള ഏഷ്യന്‍ യോഗ്യതാമത്സരങ്ങള്‍ എന്നിവക്കുള്ള മികച്ച മുന്നൊരുക്കമായായിരിക്കും ഒമാൻ ടൂർണമെന്റിനെ കാണുന്നത്. അടുത്ത കാലങ്ങളായി മികച്ച ഫോമിലാണ് ഒമാൻ പന്തുതട്ടുന്നത്. ടീമിന്റെ പരിശീലന ക്യാമ്പുകൾ മേയ് പകുതിക്കുശേഷമായിരിക്കും കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചും സംഘവും നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.