മസ്കത്ത് നഗരത്തിലെ റോഡുകളിൽനിന്നുള്ള കാഴ്ച
മസ്കത്ത്: സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതു ബസ് സർവിസുകൾ വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതി (2015-40) മസ്കത്ത് മുനിസിപ്പൽ കൗൺസിൽ യോഗം അവലോകനം ചെയ്തു.മസ്കത്ത് ഗവർണറും മുനിസിപ്പൽ കൗൺസിൽ ചെയർമാനുമായ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ മസ്കത്ത്, മുനിസിപ്പാലിറ്റി ചെയർമാനും മുവാസലാത്തിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
പദ്ധതിയൂടെ ആദ്യ ഘട്ടമായ 2015-2018 കാലഘട്ടത്തിൽ മെയിൻ, സെകൻഡറി റൂട്ടുകളിൽ ബസ് സർവിസുകൾ ആരംഭിക്കുക, ടാക്സികൾ കാര്യക്ഷമമാക്കുക, നടപ്പാതകൾ മെച്ചപ്പെടുത്തുക എന്നിവ നടന്നു.2019 ൽ ആരംഭിച്ച് ഈ വർഷം അവസാനിക്കുന്ന രണ്ടാം ഘട്ടത്തിൽ പുതിയ റൂട്ടുകൾ, സമർപ്പിത ബസ് ലൈനുകൾ, പുതിയ ബസ് സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്ന ബസ് സർവിസുകളുടെ വിപുലീകരണം ഉൾപ്പെടുന്നു.മൂന്നാം ഘട്ടത്തിൽ (2026-2040) മസ്കത്ത് മെട്രോയുടെയും വാട്ടർ ടാക്സികളുടെയും വികസനം നടക്കും.
മസ്കത്തിലും മുവാസലാത്ത് നടത്തുന്ന ഇന്റർ-സിറ്റി സർവിസുകളും ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അവലോകനം ചെയ്യും. സമഗ്രമായ പഠനം നടത്താൻ ഒരു അന്താരാഷ്ട്ര കൺസൾട്ടന്റിന് ടെൻഡർ നൽകും. തലസ്ഥാനത്തെ മുവാസലാത്തിന്റെ എല്ലാ റൂട്ടുകളും പുനഃപരിശോധിക്കും. മെച്ചപ്പെടുത്തൽ പദ്ധതികളുടെ ഭാഗമായി ഓരോ റൂട്ടിനും സർക്കാർ തീരുമാനിക്കുന്ന സബ്സിഡികളും നൽകും. ബസ് റൂട്ട് വിശകലനം, ഷെഡ്യൂളിങ്, യാത്രക്കാരുടെ ഡാറ്റ, സേവന കവറേജ് എന്നിവയിലും ഇന്റർസിറ്റി നെറ്റ്വർക്ക് കവറേജിലും ചെലവിലും പഠനം ശ്രദ്ധ കേന്ദ്രീകരിക്കും.
ഗ്രേറ്റർ മസ്കത്തിനും മറ്റു നഗരങ്ങൾക്കുമുള്ളത് ഉൾപ്പെടെയുള്ള ഘടനാ പദ്ധതികളുമായി വളർച്ചയുടെ സാധ്യതയുള്ള മേഖലകൾ തിരിച്ചറിയുന്നതിനായി ജനസംഖ്യാ, ഭൂമിശാസ്ത്ര ഡാറ്റ വിശകലനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം കൺസൾട്ടന്റിനായിരിക്കും. മൊബിലിറ്റി, ഗതാഗത ഡാറ്റ, വിശകലനം എന്നിവയാണ് കൺസൾട്ടന്റിന്റെ ചുമതല.
നിർദ്ദിഷ്ട വാട്ടർ ടാക്സി പദ്ധതി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കില്ല. സന്ദർശകരുടെ ചലനം സുഗമമാക്കുന്നതിനുള്ള ഒരു ടൂറിസ്റ്റ് സേവനമായിരിക്കും.ടെൻഡർ ഇതിനകം ക്ഷണിച്ചിട്ടുണ്ട്. മസ്കത്ത്, മുസന്ദം, ശർഖിയ ഗവർണറേറ്റുകൾക്കായി വിനോദസഞ്ചാര താൽപര്യമുള്ള ചില മേഖലകളെയോ ആകർഷണങ്ങളെയോ ബന്ധിപ്പിക്കുന്നതിനായി വാട്ടർ ടാക്സികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.