മസ്കത്ത് നെറ്റ്സ് ഫെസ്റ്റിവലിൽനിന്നുള്ള കാഴ്ച
മസ്കത്ത്: മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിൽ ശനിയാഴ്ച അമീറാത്ത് പബ്ലിക് പാർക്കിലും അൽ നസീം പബ്ലിക് പാർക്കിലും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ‘സെലിബ്രേറ്റ് എവരി സ്റ്റോറി’ എന്ന കുട്ടികളുടെ ഇവന്റിലേക്കുള്ള ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവും നൽകും. അതേസമയം, അന്നേദിവസം അൽ ഖുറം നാച്ചുറൽ പാർക്ക് അടച്ചിടും. ഞായറാഴ്ച വീണ്ടും തുറക്കുന്നതായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
തലസ്ഥാന നഗരിക്ക് ആഘോഷരാവുകൾ സമ്മാനിച്ച് നടക്കുന്ന മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ കൂടുതൽ ആളുകളെ ആകർഷിക്കുകയാണ്. ഫെസ്റ്റിവൽ തുടങ്ങി ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് വിവിധ വേദികളിലായി എത്തിയത്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ കുടുംബവുമായിട്ടാണ് ഇത്തരം ആഘോഷരാവുകളിലേക്ക് സ്വദേശികളും വിദേശികളും എത്തുന്നത്. എല്ലാ ദിവസവും വൈകുന്നേരം നാല് മുതല്‍ രാത്രി 11 മണി വരെയാണ് മസ്കത്ത് നൈറ്റ്സ് അനുബന്ധ പരിപാടികള്‍. വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ സമയം വിനോദ പരിപാടികള്‍ അരങ്ങേറും.
ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക്, അൽ നസീം പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, അൽ ഹെയിൽ ബീച്ച്, വാദി അൽ ഖൗദ്, കൂടാതെ നിരവധി സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്. വാരാന്ത്യദിനങ്ങളിലാണ് മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ വേദിയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.