മസ്‌കത്തിൽ ഈച്ച-കൊതുക് നിയന്ത്രണത്തിന് കാമ്പയിനുമായി മുനിസിപ്പാലിറ്റി

മസ്കത്ത്: മസ്‌കത്തിൽ ഈച്ച-കൊതുക് നിയന്ത്രണത്തിന് പ്രതിരോധ കാമ്പയിനുമായി മസ്കത്ത് മുനിസിപ്പാലിറ്റി. വിവിധ വിലായത്തുകളിൽ വൈകിട്ട് മൂന്നു മുതൽ രാത്രി ഏഴു വരെ നടത്തുന്ന പ്രതിരോധ കാമ്പയിൻ പതിവ് പ്രഭാത പരിപാടികളോടൊപ്പം നടപ്പിലാക്കുന്നതിലൂടെ കൊതുകുകളുടെ വ്യാപനം നിയന്ത്രിക്കുകയും കീടങ്ങളുടെ സാന്ദ്രത കുറക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

ഗവർണറേറ്റിലെ എല്ലാ വിലായത്തുകളെയും ഉൾപ്പെടുത്തി കാമ്പയിൻ നടപ്പാക്കുന്നതായും കീട-കൊതുക് വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അധികൃതർ വ്യക്തമാക്കി. കാര്യക്ഷമമായ നിയന്ത്രണ നടപടികൾ ഉറപ്പാക്കാൻ ഫീൽഡ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

മസ്‌കത്തിൽ റൂവി, ദാർസൈത്, വാദി അദായ്, അൽ ഹംറിയ, അൽ ബുസ്താൻ എന്നിവിടങ്ങളോടൊപ്പം മത്രയിലെ ചില ഭാഗങ്ങളും കാമ്പയിനിൽ ഉൾപ്പെടുന്നു. ബൗഷറിൽ അൽ അസൈബ നോർത്ത്–സൗത്ത്, ഗുബ്ര നോർത്ത്, അൽ അൻസാബ്, ഫലജ് അൽ ഷാം, അൽ ഖുവൈർ സൗത്ത് ഉൾപ്പെടെയുള്ള വ്യവസായ മേഖലകൾ പ്രധാന കേന്ദ്രങ്ങളാണ്.

സീബിൽ അൽ മവേല നോർത്ത്–സൗത്ത്, അൽ ഹെയിൽ നോർത്ത്–സൗത്ത്, അൽ ഖൂദ്, മബേല എന്നിവിടങ്ങൾ ലക്ഷ്യമിടുന്നു. ആമിറാത്തിൽ പഴയ പ്രദേശവും വിവിധ മേഖലകളും ഉൾപ്പെടുന്നു. ഖുറിയാത്തിൽ അൽ ഐനിയ്യാൻ, ജബൽ അൽ കാഫ്, ദഘ്മാർ, അൽ ശർഖിയ്യ, ഹയ്യ് ധാഹിർ മലനിരകൾ എന്നിവിടങ്ങളിലും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

കാമ്പയിൻ വിജയകരമാക്കാൻ ഫീൽഡ് ടീമുകളുമായി സഹകരിക്കാൻ പൗരന്മാരോടും പ്രവാസികളോടും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു. പൊതുജന പങ്കാളിത്തം പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിർണായകമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. വാദികളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് ഒഴിവാക്കണമെന്നും പരിസരം ശുചിയായി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.

മത്ര മേഖലയിൽ ജനജീവിതം ദുസ്സഹമാക്കും വിധം ഈച്ച ശല്യം കൂടിയിട്ടുണ്ട്. താമസ സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും ഇത് വല്ലാതെ പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. തണുപ്പ് മാറി ചൂട് കാലം വരുന്നതിന് മുന്നോടിയായി ഈ സമയങ്ങളില്‍ എല്ലാ വര്‍ഷവും ഈച്ചകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഈ വര്‍ഷം അത് അല്‍പ്പം കൂടുതലായാണ് കാണപ്പെടുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു. സമയം തെറ്റി വന്ന മഴ പതിവില്‍ കൂടുതലായി പെയ്തതും ഈച്ചശല്യം വർധിക്കാൻ കാരണമായി പറയപ്പെടുന്നു.

Tags:    
News Summary - Muscat Municipality launches campaign to control flies and mosquitoes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.