2025ലെ പദ്ധതികളെ കുറിച്ച് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനിയർ സഈദ് ബിൻ ഹമൂദ് അൽ മാവാലി വാർഷിക വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
മസ്കത്ത്: രാജ്യത്തിന്റെ ഗതാഗത മേഖലക്ക് കരുത്തേകുന്ന മസ്കത്ത് മെേട്രാ സുൽത്താൻ ഹൈതം സിറ്റിക്കും റൂവി സി.ബി.ഡിക്കും ഇടയിലായിരിക്കും സർവിസ് നടത്തുകയെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. 2025ലെ പദ്ധതികൾ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനിയർ സഈദ് ബിൻ ഹമൂദ് അൽ മാവാലി വാർത്തസമ്മേളനത്തിൽ വിശദീകരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. മസ്കത്ത് മെട്രോ പദ്ധതിയുടെ വിശദമായ പഠനം ഈ വർഷം ആരംഭിക്കും. നിർദിഷ്ട മെട്രോ ലൈൻ 50 കിലോമീറ്ററിലധികം ഉണ്ടാകുമെന്നും 36 സ്റ്റേഷനുകൾ ഉൾപ്പെടുത്തുമെന്നും ഗതാഗത -വാർത്ത വിനിമയ മന്ത്രി പറഞ്ഞു. 2.6 ശതകോടി ഡോളറിന്റെ പദ്ധതി ഗ്രേറ്റർ മസ്കറ്റ് വികസന പദ്ധതിയുമായി യോജിപ്പിക്കും.
കഴിഞ്ഞ ഏപ്രിലിൽ പദ്ധതിയുടെ സാധ്യത പഠനം പൂർത്തിയായിരുന്നു. മസ്കത്തിലെ ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്കത്ത് മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്. മസ്കത്ത് എക്സ്പ്രസ് വിപുലീകരണ ശ്രമങ്ങൾ പ്രശംസനീയമാണെങ്കിലും, ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അവ പര്യാപ്തമല്ല. വരാനുള്ള പ്രതിസന്ധികൾ ഒഴിവാക്കാൻ 2025നും -2030 നും ഇടയിൽ പൊതുഗതാഗതത്തിൽ കാര്യമായ മുന്നേറ്റം നടത്താനൊരുങ്ങുകയാണ് ഗതാഗത മന്ത്രാലയം.
പൊതുഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് മസ്കത്ത് മെട്രാ. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി മറ്റു പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ മെച്ചപ്പെടുത്തലുകളും ആവശ്യമാണ്.
2024ൽ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം 29 ദശലക്ഷം റിയാലിന്റെ വരുമാനം നേടിയതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം അവസാനത്തോടെ ലോജിസ്റ്റിക് മേഖലയിലെ സ്വദേശിവത്കരണ നിരക്ക് 21 ശതമാനം ആയി. ആശയവിനിമയ, വിവരസാങ്കേതിക മേഖലയിൽ സ്വദേശിവത്കരണം 38 ശതമാനം ആയി ഉയരുകയും ചെയ്തു. 2020-2024 കാലയളവിൽ മന്ത്രാലയത്തിന് കീഴിലുള്ള റോഡ് നിർമ്മാണം, പുനരധിവാസം, അറ്റകുറ്റപ്പണി പദ്ധതികൾ എന്നിവയുടെ ആകെ മൂല്യം ഒരുശതകോടി റിയാലിലധികം ആയിരുന്നു.
ഈ വർഷം ഒമാനി ഭാഷാ മാതൃകയുടെ ആദ്യ ഘട്ടം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റുഡിയോ സ്ഥാപിക്കൽ (ആദ്യ ഘട്ടം), ദേശീയ ഓപൺ ഡാറ്റ പ്ലാറ്റ്ഫോം, നാലാമത്തെ വ്യാവസായിക വിപ്ലവ കേന്ദ്രം പ്രവർത്തിപ്പിക്കൽ തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കാൻ പദ്ധതിയിടുന്നു. 800 ദശലക്ഷത്തിലധികം റിയാലിന്റെയും 700 കിലോമീറ്ററിലധികം ദൈർഘ്യമുള്ള 30 റോഡ് പദ്ധതികളും നടപ്പാക്കും. 2025ലെ ഡിജിറ്റൽ പരിവർത്തന പരിപാടിയിൽ ഇ-ഗവൺമെന്റ് സേവനങ്ങൾക്കായുള്ള ഏകീകൃത ദേശീയ പോർട്ടൽ ആരംഭിക്കും. അടിസ്ഥാന മുൻഗണന സർക്കാർ സേവനങ്ങൾ 80 ശതമാനം ഇന്റർനെറ്റ് വഴി ലഭ്യമാക്കും.
ഈ വർഷം ആദ്യത്തെ ഹൈഡ്രജൻ സ്റ്റേഷൻ, ഏകീകൃത ഇലക്ട്രിക് ചാർജറുകൾ, ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ഗ്രീൻ കോറിഡോറുകൾ എന്നിവയും തുടങ്ങും. സ്പേസ് ആക്സിലറേറ്റേഴ്സ് പ്രോഗ്രാം ആരംഭിക്കുക, സുൽത്താൻ ഖാബൂസ് സർവകലാശാലയുമായി സഹകരിച്ച് സ്പേസ് എൻജിനീയറിംങ് ലബോറട്ടറി പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിൽ പ്രവർത്തിക്കുക, ബഹിരാകാശ മേഖലയിൽ ദേശീയ ശേഷി നിർമ്മാണ പരിപാടിയുടെ രണ്ടാം പാക്കേജ് നടപ്പിലാക്കുക എന്നിവയും ഈ വർഷത്തെ പദ്ധതികളിൽ ഉൾപ്പെടുന്നതാണെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി പറഞ്ഞു. ഗവൺമെന്റ് ഡിജിറ്റൽ പരിവർത്തന പരിപാടിയുടെ മൊത്തത്തിലുള്ള പ്രകടനം 73 ശതമാനമാണ്. അതേസമയം, മുൻഗണനാ സേവനങ്ങളുടെ ഡിജിറ്റൈസേഷൻ 67 ശതമാനത്തിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.