മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ നഗരി (ഫയൽ)
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവം ബുധനാഴ്ച ആരംഭിക്കും. ഈ വർഷം വിവിധ രാജ്യങ്ങളിൽനിന്നുള്ള കൂടുതൽ പ്രസാധനാലയങ്ങൾ പങ്കെടുക്കുന്നത് പുസ്തകോത്സവത്തിന്റെ പൊലിമ വർധിപ്പിക്കും. എന്നാൽ, മലയാള പുസ്തകങ്ങളുമായി ഇത്തവണയും അൽബാജ് ബുക്സ് മാത്രമാണ് പങ്കെടുക്കുന്നത്. അൽ ബാജിന് രണ്ട് സ്റ്റാളുകളാണ് ഉണ്ടായിരിക്കുകയെന്ന് മാനേജിങ് ഡയറക്ടർ ഷൗക്കത്തലി പറഞ്ഞു. മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങിയത് മുതൽ തങ്ങളുടെ സാന്നിധ്യമുണ്ടെന്നും ഇത്തവണയും മലയാള പുസ്തകങ്ങൾ ലഭിക്കുന്ന ഏക സ്റ്റാൾ തങ്ങളുടെതാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ എല്ലാ പ്രധാന പ്രസാധാലയങ്ങളുടെയും പുസ്തകങ്ങൾ മേളയിൽ എത്തിക്കും. മലയാളത്തിലെ പഴയതും പുതിയതുമായ തലമുറയിലെ എല്ലാ വിഭാഗത്തിലുംപെട്ട പ്രമുഖ എഴുത്തുകാരുടെയും പുസ്തകങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ ബെസ്റ്റ് സെല്ലറായ പുസ്തകങ്ങളെല്ലാം വിൽപനക്കെത്തും. അതോടൊപ്പം പുതുതായി പുറത്തിറങ്ങിയ അഖിൽ പി. ധർമജന്റെ റാം c/o ആനന്ദ്, മുഹമ്മദ് അബ്ബാസിന്റെ വിശപ്പ്, പ്രണയം, ഉന്മാദം,വിഷ്ണു പി.കെയുടെ ടു ജാനേമൻ, നിമ്ന വിജയിന്റെ ഏറ്റവും പ്രിയപ്പെട്ട എന്നോട് തുടങ്ങിയ പുതിയ പുസ്തകങ്ങളും മേളയിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെയെല്ലാം പുസ്തകങ്ങൾ എത്തിയിട്ടുണ്ടെങ്കിലും സ്ഥല പരിമിതി മൂലം പ്രദർശിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആട് ജീവിതം, ഒരു സങ്കീർത്തനംപോലെ, മഞ്ഞവെയിൽ മരണങ്ങൾ, നിന്ന് കത്തുന്ന കടലുകൾ, അഗ്നിച്ചിറകുകൾ, പത്മരാജന്റെ കഥകൾ സമ്പൂർണം, ദൈവത്തിന്റെ ചാരന്മാർ, ഖസാക്കിന്റെ ഇതിഹാസം, നീർമാതളം പൂത്ത കാലം തുടങ്ങിയ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ കൂടുതൽ കോപ്പികൾ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട എഴൂത്തുകാരായ വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, മാധവി കുട്ടി, തകഴി, ഒ.വി. വിജയൻ എന്നിവരുടെ പുസ്തകങ്ങളും മേളയിൽ ലഭ്യമാക്കും. വിവിധ ഇനങ്ങളിലായി രണ്ടായിരത്തിലധികം പുസ്തകളെങ്കിലും എത്തിക്കും. മലയാളത്തിന് പുറമെ ഇംഗ്ലീംഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലെ പുസ്തകങ്ങളും മേളയിലുണ്ടാവും. ഇന്ത്യയിൽനിന്ന് ഇംഗ്ലഷിൽ രചിക്കപ്പെട്ട ചേതൻ ഭഗത് അടക്കമുള്ള പ്രമുഖ എഴൂത്തുകാരുടെ പുസ്തകങ്ങളും പ്രദർശനത്തിനുണ്ടാവും.
പുതുതായി പുറത്തിറങ്ങിയ പുസ്തകങ്ങൾക്ക് പുറമെ ഫിക്ഷൻ, നോൺ ഫിക്ഷൻ, മോട്ടിവേഷൻ, പാചക പുസ്തകങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ തുടങ്ങി 12 വിഭാഗത്തിൽപെട്ട പുസ്തകങ്ങളാണുണ്ടാവുക. സ്കൂൾ പരീക്ഷ സീസൺ ആയതിനാൽ മലയാളി കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യ കുറയാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, മസ്കത്ത് പുസ്തക മേള സന്ദർശക പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ഒമാനികളുടെ വായനാശീലം പുസ്തകമേളയുടെ വൻ വിജയത്തിന് പ്രധാന കാരണമാണ്. പലരും കുടുംബസമേതമാണ് മേളക്കെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.