മസ്കത്ത്: കൊതിയൂറുന്ന വിഭവങ്ങളുമായി മസ്കത്ത് ഭക്ഷ്യമേളക്ക് തുടക്കമായി. മദീനത്തുൽ ഇർഫാനിൽ നടക്കുന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ആദ്യദിനത്തിൽ ലഭിച്ചത്. ദേശീയദിനാഘോഷ ഭാഗമായുള്ള പൊതു അവധിയായതിനാൽ സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് കുടുംബവുമായി കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. നിരവധി ഭക്ഷ്യസ്റ്റാളുകളിലായി നൂറുകണക്കിന് രുചിവൈവിധ്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ട്രക്കുകളിലും സ്റ്റാളുകളിലുമായാണ് ഭക്ഷ്യവിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചെറുകിട, ഇടത്തരം ഭക്ഷ്യ സംരംഭകരും മേളയുടെ ഭാഗമായുണ്ട്. പ്രമുഖ ഒമാനി ഷെഫുമാരും സ്ഥാപനങ്ങളും അവരുടെ ഭക്ഷ്യോൽപന്നങ്ങളുമായി മേളയിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ആരംഭിച്ച മേളയുടെ ആദ്യഘട്ടം നാളെ സമാപിക്കും. ഡിസംബര്‍ എട്ടു മുതല്‍ പത്തു വരെയാണ് രണ്ടാം ഘട്ടം. മേളയുടെ ഭാഗമായി വിവിധ കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനങ്ങള്‍, കുട്ടികള്‍ക്കുള്ള വിനോദങ്ങള്‍ തുടങ്ങിയവയെല്ലാം ഭക്ഷ്യമേളയുടെ ഭാഗമായി നടക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതും കാലാവസ്ഥ അനുകൂലമായതും നൂറുകണക്കിന് ആളുകളെ മേളയിലേക്ക് എത്തിക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.