മസ്കത്ത്: ഈ വർഷം ഒമാനിൽനിന്ന് ഹജ്ജിന് അർഹത നേടിയവർ 13,586 പേർ. 6,683 പുരുഷന്മാരും 6,903 സ്ത്രീകളും ഉൾപ്പെടെയാണിത്. ഇതിൽ ഏതാണ്ട് 32.3 ശതമാനം പേർ 46 മുതൽ 60 വയസിന് ഇടയിൽ ഉള്ളവരും 42.4 ശതമാനം പേർ 31-45 വയസ്സുവരും ആണ്. 20 ശതമാനം പേർ 60 വയസ്സിനു മുകളിലുള്ളവരുമാണ്. കഴിഞ്ഞ ദിവസം എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം ഹജ്ജിന് യോഗ്യത നേടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അവസരം ലഭിച്ചവരെ ടെക്സ്റ്റ് സന്ദേശം വഴി വിവരം അറിയിച്ചിട്ടുണ്ട്. അർഹരായവർ 10 ദിവസത്തിനകം http://hajj.om പോർട്ടലിൽ തീർഥാടകർക്കുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം വഴി 50 ശതമാനം തുക അടച്ച് ഹജ്ജ് കമ്പനികളുമായി കരാർ നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
ഈ വർഷത്തെ ഹജ്ജിനുള്ള സേവന ഫീസ് എൻഡോവ്മെൻറ്, മതകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മദീനയിലേക്ക് വിമാനമാർഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണ് നിരക്ക്. മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലുമാണ് മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെൻറ്, ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിൻറ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാൻ റിയാൽ), ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് (300 സൗദി റിയാൽ) എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം, ഈ വർഷം ഹജ്ജിനായി 34,126 അപേക്ഷകളായിരുന്നു ലഭിച്ചിരുന്നത്. രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ നവംബർ അഞ്ചിനായിരുന്നു പൂർത്തിയായത്. അതിൽ 31,064 ഒമാനികളും 3,062 പ്രവാസികളും ഉൾപ്പെടും. ഒക്ടോബർ 22ന് ആയിരുന്നു രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയിരുന്നത്. ഈ വർഷം ഹജ്ജിനായി അപേക്ഷിച്ചവരിൽ 2.5 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. മുൻ വർഷങ്ങളിലേതുപോലെ, ഏറ്റവും കൂടുതൽ അപേക്ഷകർ (5,373) മസ്കത്തിൽ രേഖപ്പെടുത്തിയപ്പോൾ കുറവ് (172) മുസന്ദത്താണ്. എല്ലാ ഗവർണറേറ്റുകളിലും അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെങ്കിലും, ദോഫാർ, മുസന്ദം, തെക്കൻ ശർഖിയ എന്നിവിടങ്ങളിൽ അപേക്ഷകരുടെ എണ്ണത്തിൽ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 13,956 (99.7 ശതമാനം) ആളുകളാണ് വിശുദ്ധ കർമം നിർവഹിച്ചത്. ആകെ14,000 പേർക്കായിരുന്നു ഹജ്ജിന് അനുമതിയുണ്ടായിരുന്നത്. ഇതിൽ 13,500 പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളായിരുന്നു. 2022ൽ ഒമാനിൽനിന്നും സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേർക്കായിരുന്നു അവസരം നൽകിയത്. പിന്നീട് ഒൗഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആവശ്യ പ്രകാരം 2338 പേർക്ക് കൂടി അവസരം ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.