മസ്കത്ത്: ഒമാനിലെ പ്രവാസി കുടുംബങ്ങളുടെ വിസ പുതുക്കാൻ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ആവശ്യമാണെന്ന് മസ്‌കത്തിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
വിസ പുതുക്കാൻ റോയൽ ഒമാൻ പൊലീസ് ഇത്തരത്തിലുള്ള രേഖകൾ ആവശ്യപ്പെടുന്നുണ്ടെന്ന് പ്രവാസികൾ പറഞ്ഞിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തിയ രേഖകളാണ് ഒമാന്‍ പൊലീസ് ചോദിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരം ഇതുവരെ ഒമാൻ അധികൃതരുടെ ഭഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് എംബസി കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നത്.
ഈ മാസം ആദ്യം മുതലാണ് സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ആവശ്യപ്പെട്ട് തുടങ്ങിയത്. കുട്ടികളുടെ ഐ.ഡി കാര്‍ഡ് പുതുക്കുന്നതിന് ഒറിജിനല്‍ പാസ്‌പോര്‍ട്ട്, വിസ പേജ് പകര്‍പ്പ്, ജനന സര്‍ട്ടിഫിക്കറ്റ് (വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കണം) എന്നീ രേഖകള്‍ ഹാജരാക്കണം. പുതുക്കുന്ന സമയത്ത് മാതാപിതാക്കള്‍ ഹാജരാകണം.
പങ്കാളിയുടെ വിസ പുതുക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് (വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കണം), ഭാര്യാഭര്‍ത്താക്കന്മാരുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ടുകള്‍ എന്നിവയും വേണം. ഭര്‍ത്താവും ഭാര്യയും ഹാജരാകണം. ഒറിജിനല്‍ പാസ്‌പോര്‍ട്ട്, പഴയ ഐ.ഡി കാര്‍ഡ്, വിസ പേപ്പര്‍ (പ്രോസസ്സിങ് ഓഫിസ് ആവശ്യപ്പെടുന്ന പകര്‍പ്പ് അല്ലെങ്കില്‍ ഒറിജിനല്‍) എന്നിവയാണ് ജീവനക്കാരുടെ ഐ.ഡി കാര്‍ഡ് പുതുക്കുന്നതിനായി ഹാജരാക്കേണ്ടത്. മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തലിന് മുമ്പ് ഓരോ പ്രവാസികളും അതത് രാജ്യങ്ങളുടെ എംബസികളുടെ സാക്ഷ്യപ്പെടുത്തലും സ്വന്തമാക്കണം.
ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക വിസ, പാസ്‌പോര്‍ട്ട് എന്നിവ സാക്ഷ്യപ്പെടുത്താനായി എസ്.ജി.വി.ഐ.എസ് വഴി അപേക്ഷിക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തേണ്ട രേഖകള്‍, അപ്പോയിന്റ്‌മെന്റ് എടുത്ത ശേഷം എസ്.ജി.വി.ഐ.എസ് സെന്ററുകളില്‍ സമര്‍പ്പിക്കാം. അപ്പോയിന്റ്‌മെന്റിനായി വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍ കൊണ്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.