മസ്കത്ത്: വിസ കാലാവധി (വർക്ക് പെർമിറ്റ്) കഴിഞ്ഞ പ്രവാസികള്‍ക്ക് പിഴകളില്ലാതെ കരാര്‍ പുതുക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിക്കുമെന്ന് ഓര്‍മപ്പെടുത്തി തൊഴില്‍ മന്ത്രാലയം. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലുടമകളെയും തൊഴിലാളികളെയും പിന്തുണക്കുന്നതിനുമായി മന്ത്രാലയം ജനുവരിയിലാണ് സംരഭത്തിനു തുടക്കമിട്ടത്. ഇളവുകളുടെ പാക്കേജിൽ 60 ദശലക്ഷത്തിലധികം ഒമാൻ റിയാലിന്റെ പിഴകളും സാമ്പത്തിക ബാധ്യതകളും ഉൾപ്പെടുന്നു.
ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നല്‍കുക. കോവിഡ് കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 31നുശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് മന്ത്രാലയം പറഞ്ഞു. ബന്ധപ്പെട്ട കക്ഷികളും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും അംഗീകൃത സേവന വിതരണ ചാനലുകളിലൂടെയും സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അഭ്യർഥിച്ചു.
തങ്ങളുടെ പദവി സ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് തുടരാനും ശരിയായ സാഹചര്യത്തില്‍ ജോലി ചെയ്യാനുമുള്ള അവസരം തുറന്നിരിക്കുകയാണ് അധികൃതര്‍. അടുത്ത രണ്ടുവര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ കഴിയും. എന്നാല്‍, തൊഴിലുടമ ഒരു തൊഴിലാളിയുടെ പെര്‍മിറ്റ് പുതുക്കി നല്കാന് ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാനും യാത്രാ ടിക്കറ്റ് നല്‍കാനും സാധിക്കും. നിലവിലുള്ള എല്ലാ പിഴകഴും ഫീസുകളും അധിക ബാധ്യതകളും റദ്ദാക്കപ്പെടും.
രാജ്യത്തെ തൊഴില്‍ വിപണിക്ക് ഉണര്‍വ് പകര്‍ന്ന് 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്പത്തിക ഒത്തുതീര്‍പ്പുകളുടെയും പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ ഉള്‍പ്പെടുത്തിയാണ്, ഏഴുവര്‍ഷം മുമ്പ് ലേബര്‍ കാര്‍ഡുകള്‍ കാലഹരണപ്പെട്ട വ്യക്തികളുടെ എല്ലാ പിഴകളും കുടിശ്ശികകളും തൊഴില്‍ മന്ത്രാലയം റദ്ദാക്കിയിരിക്കുന്നത്. കൂടാതെ, 2017 ലും അതിനു മുമ്പും രജിസ്റ്റര്‍ ചെയ്ത കുടിശ്ശികകള്‍ അടക്കുന്നതില്‍നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കിയിട്ടുമുണ്ട്.
10 വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന ലേബര്‍ കാര്‍ഡുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഈ കാലയളവില്‍ കാര്‍ഡ് ഉടമകള്‍ അനുബന്ധ സേവനങ്ങള്‍ക്ക് അപേക്ഷിക്കാത്തതിനാലാണ് റദ്ദാക്കിയിരിക്കുന്നത്. തൊഴിലാളി ഇവിടെനിന്നും പോകല്‍, സേവന കൈമാറ്റം, ഒളിച്ചോടിയ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്യല്‍ എന്നിവകൊണ്ടായിരുന്നു പുതുക്കാത്തതെങ്കില് കാര്‍ഡുകള്‍ വീണ്ടും ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങള്‍ മറ്റു കക്ഷികള്‍ക്ക് കൈമാറുകയോ ചെയ്താല്‍, അവര്‍ക്കെതിരായ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിനും ലേബര്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട പിഴകളില്‍നിന്ന് അവരെ ഒഴിവാക്കുന്നതിനും സഹായിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഗ്രേസ് പിരീഡും ഈ മാസം അവസാനിക്കും. ഫെബ്രുവരി ഒന്ന് മുതല്‍ മുതല്‍ ആറ് മാസം വരെയാണ് ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നത്.
ലൈസന്‍സ് (ലേബര്‍ കാര്‍ഡ്) പുതുക്കുകയും അടുത്ത കാലയളവിലേക്ക് (രണ്ട് വര്‍ഷം) പുതുക്കല്‍ തുക നല്‍കുക, ജോലി ഉപേക്ഷിച്ചതിന്റെ റിപ്പോര്‍ട്ട് റദ്ദാക്കുക, തൊഴിലാളിയുടെ സേവനങ്ങള്‍ കൈമാറ്റം ചെയ്യുക, തൊഴിലാളി രാജ്യത്ത് നിന്ന് അവസാനമായി പുറത്തുകടക്കുമ്പോള്‍ തൊഴിലുടമ വിമാന ടിക്കറ്റ് നല്‍കുക എന്നിവ ചെയ്താല്‍ മാത്രമേ ഇത് സാധ്യമാകൂ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. മന്ത്രാലയം നിർദ്ദേശിക്കുന്ന നടപടികൾ പാലിച്ചാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇങ്ങനെ സമർപ്പിച്ചാൽ ഏകദേശം ഒരാഴ്ചക്കുള്ളിൽ ഇത് സംബന്ധമായ അറിയിപ്പുകൾ അപേക്ഷകന് ലഭിക്കുമെന്നും പിന്നീടവർക്ക് സൗജന്യമായി രാജ്യം വിടാൻ കഴിയുമെന്നും മന്ത്രാലയം പറയുന്നു.
കുറ്റ കൃത്യങ്ങളിൽ ഏർപ്പെടാതെ ഒമാനിൽ തങ്ങുന്ന താമസ രേഖകളില്ലാത്തവർക്കെല്ലാം രാജ്യം വിടാനുള്ള അവസരമാണിതെന്നും തൊഴിൽ മന്ത്രാലയത്തിന്റെ ഇത് സംബന്ധമായ മാനദന്ധങ്ങൾ പാലിച്ചവർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചിട്ടുണ്ട്. രണ്ട് വിഭാഗം അനധികൃത താമസക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഒമാനിൽ തങ്ങുന്ന താമസ രേഖകൾ ശരിയാക്കാനുദ്ദേശിക്കുന്നവരാണ് ഒരു വിഭാഗം. ഇത്തരക്കാർ താമസ രേഖകൾ പുതുക്കുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ ചെയ്യുമെന്ന ഉപാധിയിലാണ് പിഴയില്ലാതെ രാജ്യം വിടാൻ കഴിയുക. ഇത് സംബന്ധമായ രേഖകൾ തൊഴിൽ മന്ത്രാലയം ശരിപ്പെടുത്തുകയും വേണം. വിസിറ്റ് വിസ അടക്കം തൊഴിൽ വിസയിലല്ലാതെ രാജ്യത്തെത്തി അനധികൃതമായി തങ്ങുന്നവരാണ് രണ്ടാം വിഭാഗം. ഇത്തരം വിഭാഗങ്ങൾക്ക് നടപടികൾ പൂർത്തിയാക്കാനുള്ള സങ്കേതിക സഹായമാണ് നൽകുന്നതെന്നും ഈ വിഭാഗത്തിൽ എല്ലാവരും അവസരം ഉ പയോഗപ്പെടുത്തണമെന്നും റോയൽ ഒമാൻ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.