ഖസബ് കോട്ട
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ മൂന്ന് കോട്ടകളിൽ നിക്ഷേപങ്ങൾക്ക് അവസരമൊരുക്കി പൈതൃക വിനോദസഞ്ചാര മന്ത്രാലയം. രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനായി ചരിത്ര സ്മാരകങ്ങളിൽനിന്ന് വരുമാനമുണ്ടാക്കുന്നതിനായി മൂന്ന് കോട്ടകളിൽ നിക്ഷേപത്തിനായി ടെൻഡർ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
ബുഖ വിലായത്തിലെ ബുഖ കോട്ട, ഖസബ് വിലായത്തിലെ കുംസാര, ഖസബ് എന്നീ കോട്ടകളാണ് നിക്ഷേപങ്ങൾക്കായി വാതിൽ തുറന്നിരിക്കുന്നത്. ഈ ടൂറിസ്റ്റ് സൈറ്റുകളിൽ നിക്ഷേപം നടത്താൻ പ്രാദേശിക വിഭാഗങ്ങളെയായിരിക്കും അനുവദിക്കുക. മൂന്ന് കോട്ടകളുടെയും വികസനത്തിന് കർമപദ്ധതി സമർപ്പിക്കുകയും വേണം. നിക്ഷേപത്തിനുള്ള കരാർ സമർപ്പിക്കേണ്ട തീയതി ജനുവരി 13 ആണ്. വിവിധ ഗവർണറേറ്റുകളിലെ കോട്ടകൾ, പഴയ വീടുകൾ പുരാവസ്തു, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവയുടെ പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി മന്ത്രാലയം വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിെൻറ ഭാഗമായി മത്രയിലെ കോട്ടയുടെയും ഗ്രാൻഡ് ഹൗസിെൻറയും നടത്തിപ്പിനായി ഈ മാസം സ്വകാര്യ കമ്പനിയുമായി കരാർ ഒപ്പിട്ടിരുന്നു.
നവംബറിൽ തെക്കൻ ബാത്തിനയിലെ റുസ്താഖ് കോട്ടയുടെ പുനരുദ്ധാരണങ്ങൾ പൂർത്തിയാക്കിയ ശേഷം നിക്ഷേപകർക്ക് നൽകാൻ പദ്ധതിയിടുന്നതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിലെ റാസൽ ഹദ്ദ് കോട്ടയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഒക്ടോബറിൽ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഡിസംബർ അവസാനത്തോടെ ജോലി പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
2018 ൽ രാജ്യത്തെ കോട്ടകളിൽ 3,66,360 സന്ദർശകരുണ്ടായിരുന്നു. 2019ൽ ഇത് 4,26,525 ആയി ഉയർന്നു. കോവിഡിെൻറ പശ്ചാത്തലത്തിൽ 2020ൽ 1,33,464 പേർ സഞ്ചാരികൾ മാത്രമാണ് വിവിധ കോട്ടകളിലേക്കെത്തിയത്. ഒമാൻ വിഷൻ 2040െൻറ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിനോദസഞ്ചാരികളെ ആകർഷിക്കാൻ നിരവധി പദ്ധതികളാണ് മന്ത്രാലയം തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.