നവീകരണം പൂർത്തിയായ അല്‍ ഹിലാല്‍ മതിൽ
മസ്കത്ത്: വടക്കന്‍ ബാതിന പ്രവിശ്യയിലെ സുവൈഖ് വിലായത്തില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ അല്‍ ഹിലാല്‍ മതിലിന്റെ നവീകരണം പൈതൃക-ടൂറിസം മന്ത്രാലയം പൂര്‍ത്തിയാക്കി. മതിലിലെ ഗോപുരങ്ങളും ചുറ്റുമതിലുകളും പുനരുദ്ധരിക്കുന്നതും അകത്തെ ഇടനാഴികള്‍ പുനരുപയോഗയോഗ്യമാക്കുന്നതും ഘടന ബലപ്പെടുത്തുന്നതുമായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. രാജ്യത്തെ പൈതൃകസ്മാരകങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നവീകരണപ്രവർത്തനം നടത്തിയത്.
പാരമ്പര്യ ഒമാനി വാസ്തുശൈലി നിലനിര്‍ത്താന്‍ ചുണ്ണാമ്പ്, മണല്‍ തുടങ്ങിയവ ഉപയോഗിച്ചാണ് നവീകരണം. ഏകദേശം 1845ല്‍ സയ്യിദ് സഈദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസൈദിയുടെ ഭരണകാലത്തേക്കാണ് അല്‍ ഹിലാല്‍ മതിലിന്റെ ചരിത്രം സൂചന നൽകുന്നത്. 10,287 ചതുരശ്ര മീറ്ററോളം വിസ്തീര്‍ണമുള്ള ഈ മതിലിനുള്ളില്‍ മൂന്ന് കാവൽ ഗോപുരങ്ങളുള്ള ചെറിയ കോട്ടയും സംഭരണമുറികളും താമസസൗകര്യങ്ങളും ഉള്‍പ്പെടുന്നു. 1,86,822 റിയാൽ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. സുവൈഖിന്റെ സമ്പന്നമായ ചരിത്രത്തിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്തുണ്ടായ വ്യാപാരപ്രാധാന്യത്തിന്റെയും പ്രതീകമായി തുടരുകയാണ് അല്‍ ഹിലാല്‍ മതില്.
പാരമ്പര്യ ഓമാനി നിര്‍മാണശൈലിയുടെ കരകൗശല മികവ് ഇന്നും മതിലിന്റെ പ്രതിരോധ ആകൃതിയില്‍ പ്രതിഫലിക്കുന്നു. പൈതൃക സ്മാരകങ്ങളുടെ സാംസ്കാരിക-ചരിത്രമൂല്യം ഉയര്‍ത്തിക്കാട്ടാനും പ്രദേശിക സുസ്ഥിര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ചരിത്രനിർമിതികളുടെ നവീകരണ പ്രവൃത്തികൾ നടത്തുന്നതെന്ന് പുനരുദ്ധാരണ വിഭാഗം ഡയറക്ടര്‍ എഞ്ചിനീയര്‍ ഖലീസ ബിന്റ് ഖലീഫ അല്‍ സല്‍മിയ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.