മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അഞ്ചാം സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി പ്രമോഷനൽ കാമ്പയിനുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ജനുവരി 11 മുതൽ ഫെബ്രുവരി 11വരെ ‘ഒമാൻ ആഘോഷിക്കുന്നു’ എന്നപേരിലാണ് കാമ്പയിൻ നടക്കുക. കാമ്പയിനിന്റെ ഭാഗമായി സുൽത്താനേറ്റിലുടനീളം വിപുലമായ കിഴിവുകളും പ്രത്യേക ഡീലുകളും നൽകും.
ഈ കാലയളവിൽ പ്രത്യേക ഡീലുകളും പ്രമോഷനുകളും വാഗ്ദാനം ചെയ്തുകൊണ്ട് ആഘോഷത്തിൽ സജീവമായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയാണെന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത സംരംഭത്തിൽ പങ്കാളികളാകുന്നതോടെ ബിസിനസുകൾ ഒരു ഏകീകൃത ദേശീയ ആഘോഷത്തിന് സംഭാവന നൽകും. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനും സുൽത്താനേറ്റിലുടനീളം കൂടുതൽ ശക്തമായ സാമ്പത്തിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്.
ആഘോഷ വേളയിൽ സാമ്പത്തിക പ്രവർത്തനം വർധിപ്പിക്കുക, പ്രാദേശിക ബിസിനസുകളെ പിന്തുണക്കുക, വിൽപന വർധിപ്പിക്കുക എന്നിവയാണ് കാമ്പയിന്റെ പ്രാഥമിക ലക്ഷ്യം. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ ഉൽപന്നങ്ങളിലേക്ക് പ്രവേശനം നൽകുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ഇത് വിവിധ സാമൂഹിക വിഭാഗങ്ങളിലുള്ള ആളുകൾക്ക് പ്രയോജനകരമാണ്. കൂടാതെ, പ്രാദേശികവും അന്തർദേശീയവുമായ ബ്രാൻഡുകളെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അവശ്യ സാധനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിലൂടെയും ഒമാനിൽ വാണിജ്യ മുന്നേറ്റം ഉയർത്താനുമിത് ലക്ഷ്യമിടുന്നു.
പ്രമോഷനൽ ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉണ്ടാകും. ചരക്കുകളുടെയും സേവനങ്ങളുടെയും കിഴിവുകൾ കൂടാതെ തൽക്ഷണ സമ്മാനങ്ങൾ, കൂപ്പണുകൾ, റാഫിളുകൾ, സ്ക്രാച്ച് ആൻഡ് വിൻ ഓപ്ഷനുകൾ എന്നിവയും ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും.
ഓഫറിന്റെ തരം, അളവ്, കാലാവധി എന്നിവ ഉൾപ്പെടെയുള്ള സമ്മാനങ്ങളുടെ വിശദാംശങ്ങൾ പങ്കെടുക്കുന്ന ഓരോ സ്ഥാപനവും വ്യക്തമാക്കും. പങ്കെടുക്കുന്ന സ്ഥാപനത്തിന്റെ തീരുമാനത്തെ ആശ്രയിച്ച് ഈ ഓഫറുകൾ ദിവസേനയോ ആഴ്ചയിലോ ലഭ്യമായേക്കാം. പ്രമോഷനൽ കാമ്പയിനിൽ പങ്കെടുക്കാനായി വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ ഉൽപനങ്ങളുടെയും സേവനങ്ങളുടെയും പട്ടിക ഉൾപ്പെടുത്തി വാണിജ്യവ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കണം. cld@tejarah.gov.om എന്ന വിലാസത്തിൽ മന്ത്രാലയത്തിലേക്ക് ഇ-മെയിൽ വഴി അയക്കണം. അഭ്യർഥന ലഭിച്ചുകഴിഞ്ഞാൽ, മന്ത്രാലയം അത് അവലോകനം ചെയ്യുകയും അംഗീകാരത്തോടെയുള്ള പ്രതികരണം നൽകാം.
അനുമതിയുടെ ഒരു പകർപ്പ് കൂടുതൽ പ്രോസസ്സങിനായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് കൈമാറും. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, കാമ്പയിൻ കാലയളവിൽ ബിസിനസുകൾക്ക് കിഴിവുകളും പ്രമോഷനുകളും നൽകി മുന്നോട്ടുപോകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.