വിനോദസഞ്ചാര, പൈതൃക മന്ത്രാലയം ഇന്ത്യയിൽ നടത്തിയ റോഡ്ഷോയിൽനിന്ന്
വിനോദസഞ്ചാര കാമ്പയിനുകൾ സജീവമാക്കി മന്ത്രാലയം
മസ്കത്ത്: സുൽത്താനേറ്റിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് കൂടുതലായി പരിചയപ്പെടുത്താൻ കാമ്പയിനുകളുമായി വിനോദസഞ്ചാര, പൈതൃക മന്ത്രാലയം. യൂറോപ്യൻ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഹലോ യൂറോപ്’പരിപാടിക്ക് ഇന്ന് തുടക്കമാകും.
ഫ്രാൻസ്, ജർമനി, ഇറ്റലി, ബ്രിട്ടൻ, അയർലന്റ്, സ്വിറ്റ്സർലന്റ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 70ലധികം ടൂറിസം കമ്പനികൾ പരിപാടിയിൽ പങ്കെടുക്കും. പ്രാദേശിക വിനോദസഞ്ചാര സേവന ദാതാക്കളും യൂറോപ്യൻ പങ്കാളികളുമായുള്ള പങ്കാളിത്തം വളർത്തിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒമാനിലെ വേറിട്ട ആകർഷണങ്ങൾ യൂറോപ്യൻ വിപണിക്ക് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ടൂറിസം പ്രമോഷൻ വിഭാഗം ഡയറക്ടർ ജനറൽ ഹൈതം ബിൻ മുഹമ്മദ് അൽ ഗസ്സാനി പറഞ്ഞു. യൂറോപ്യൻ സഞ്ചാരികൾക്ക് അനുയോജ്യമായ ടൂറിസം പാക്കേജുകൾക്ക് രൂപം നൽകുന്നതടക്കം ചർച്ചകൾ പരിപാടിയിൽ നടക്കും.
വിനോദസഞ്ചാര, പൈതൃക മന്ത്രാലയം ഇന്ത്യയിൽ നടത്തിയ റോഡ്ഷോ വ്യാഴാഴ്ചയാണ് സമാപിച്ചത്. ന്യൂ ഡൽഹിയിൽ നിന്ന് തുടങ്ങി മുംബൈ, ചെന്നൈ നഗരങ്ങളിലും അവസാനം ബംഗളൂരുവിലുമാണ് റോഡ് ഷോ നടത്തിയത്. നാല് നഗരങ്ങളിലുമായി വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന 450ഓളം ഇന്ത്യൻ കമ്പനികൾ റോഡ്ഷോയിൽ പങ്കെടുത്തു. ഇന്ത്യയെ രണ്ടാമത്തെ ഏറ്റവും വലിയ മാർക്കറ്റായാണ് പരിഗണിക്കുന്നതെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി അസ്സാൻ അൽ ബുസൈദി പറഞ്ഞു. 2023ൽ 6.25 ലക്ഷം ഇന്ത്യൻ സന്ദർശകരാണ് ഒമാനിലെത്തിയത്. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 70 ശതമാനത്തിന്റെ വർധനവാണ് ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായതെന്നും അണ്ടർസെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.