മീൻ പിടിത്തത്തിൽ ഏർപ്പെട്ട തൊഴിലാളികൾ (ഫയൽ)

മത്സ്യത്തൊഴിലാളികൾക്ക് നൂതന പദ്ധതിയുമായി മന്ത്രാലയം

മസ്കത്ത്: രാജ്യത്തെ മത്സ്യത്തൊഴിലാളികളെ ആധുനിക മത്സ്യബന്ധന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സജ്ജരാക്കാനുള്ള പദ്ധതിയുമായി അധികൃതർ. സ്വകാര്യ മേഖലയുമായി സഹകരിച്ചായിരിക്കും മത്സ്യബന്ധനത്തിനുള്ള ആധുനിക ഉപകരണങ്ങൾ തൊഴിലാളികൾക്ക് ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം കരാറും ഒപ്പുവെച്ചു. ഇതിലൂടെ മത്സ്യ ഉൽപാദനം ഇരട്ടിയാക്കാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. ബോട്ടുകൾ വലിക്കുന്നതിനുള്ള യന്ത്രങ്ങൾ, മത്സ്യബന്ധന വലകൾ, മറ്റ് ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളുമായിരിക്കും തൊഴിലാളികൾക്ക് ലഭ്യമാക്കുക. രാജ്യത്തെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ മത്സ്യ ബന്ധന മേഖലയുടെ വളർച്ചക്കും വികസനത്തിനും വലിയ പ്രധാന്യമാണ് അധികൃതർ നൽകുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ ഈ മേഖല തുടർച്ചയായ വളർച്ചക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആധുനിക യന്ത്രങ്ങൾ ലഭ്യമാകുന്നതോടെ മത്സ്യതൊഴിലാളികൾക്ക് തങ്ങളുടെ അധ്വാനം കുറക്കാനും സമയം ലാഭിക്കാനും കഴിയും. മത്സ്യത്തൊഴിലാളികൾക്ക് ആധുനിക യന്ത്രങ്ങൾ നൽകി പിന്തുണക്കുന്നതിലൂടെ അവരെ രാജ്യത്തെ തീരദേശ ഗവർണറേറ്റുകളിൽ തൊഴിലിൽ തുടരാൻ പ്രാപ്തരാക്കുക എന്നതുകൂടി അധികൃതർ ഉദ്ദേശിക്കുന്നുണ്ട്. ഉൽപാദനം, വിപണനം, ഗുണനിലവാരമുള്ള മത്സ്യബന്ധനം, തീരപ്രദേശങ്ങളിലെ ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. മത്സ്യബന്ധന തൊഴിലിൽ ജോലി ചെയ്യാനും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കാനും യുവതലമുറയെ പ്രോത്സാഹിപ്പിക്കാനും പദ്ധതി സഹായകമാകുമെന്നാണ് കരുതുന്നത്.

Tags:    
News Summary - Ministry launches innovative scheme for fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.