മസ്കത്ത്: കത്തുന്ന ചൂടിന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ തൊഴിൽ മന്ത്രാലയം എല്ലാ വർഷവും പ്രഖ്യാപിക്കാറുള്ള ഉച്ച വിശ്രമവേള ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് ജൂൺമുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുതൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർമധ്യാഹ്ന അവധി നൽകുന്നത്.
ഉച്ചവിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ട്.അതേസമയം, ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് അനുഭവിക്കേണ്ടി വരും.തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ധനസ്റ്റേഷനുകളിൽ ഉച്ചസമയത്ത് അത്യാവശ്യമല്ലാതെ ഇന്ധനം നിറക്കുന്നത് ഒഴിവാക്കാൻ കമ്മ്യൂണിറ്റി ബോധവത്കരണ കാമ്പയിനുകളും മന്ത്രാലയം സജീവമാക്കിയിട്ടുണ്ട്.
ഉച്ച സമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118ലെ വ്യവസ്ഥകൾ അനുസരിച്ച് മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും. നിയമം പാലിക്കുന്നുണ്ടോ എന്ന് ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും. കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണ്.ഉച്ച വിശ്രമ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽനിന്ന് വിഭിന്നമായി കനത്ത ചൂടാണ് ഏപ്രിൽ മാസം മുതൽക്കേ അനുഭവപ്പെട്ടത്. പലയിടത്തും 40 ഡിഗ്രിസെൽഷ്യസിന് മുകളിലായിരുന്നു ചൂട്. ചൂടുകാലത്ത് ആളുകൾ തണുത്ത വെള്ളത്തിൽ കുളിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തണമെന്ന് ആരോഗ്യമേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
പൊള്ളുന്ന ചൂടാണ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പകൽ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജലീകരണമുണ്ടാക്കുന്ന കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കൈയ്യിൽ വെള്ളം കരുതുക.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ മുന്നറിയിപ്പുകളും നിർദേശങ്ങളും പാലിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.