‘​മെകുനു’ ചുഴലിക്കാറ്റ്: സലാല വിമാനത്താവളം അടച്ചു

മസ്​കത്ത്​: ‘മെകുനു’ ചുഴലിക്കാറ്റ് സലാല തീരത്ത് പതിക്കാനിരിക്കെ മുൻ കരുതൽ നടപടികളുടെ ഭാഗമായി സലാല രാജ്യാന്തര വിമാനത്താവളം അടച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണി മുതൽ 24 മണിക്കൂർ നേരത്താണ് വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ചത്. സലാല നഗരത്തിന്‍റെ വടക്ക് കിഴക്ക് അഞ്ചു കിലോമീറ്റർ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 

കാറ്റിന്‍റെ കേന്ദ്രഭാഗം സലാലയിൽ നിന്ന്​ 400 കിലോമീറ്റർ ദൂരെയാണുള്ളത്​. കൂടാതെ ചുഴലിക്കാറ്റ്​ ബാധിക്കുമെന്ന്​ കരുതുന്ന ദോഫാർ, അൽ വുസ്​ത ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്​. ശനിയാഴ്ച രാവിലെയോടെ മെകുനു സലാല തീരത്ത് പതിക്കും.

കാറ്റ്​ തീരം തൊടുന്ന ദിവസം ഉയർന്ന വേഗതയിലുള്ള കാറ്റും ഇടിയും മിന്നലോടെയുള്ള കനത്ത മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. തീരത്ത്​ കടൽ പ്രക്ഷുബ്​ധമായിരിക്കും. തിരമാലകൾ അഞ്ചു മുതൽ എട്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്​​. തെക്കൻ ശർഖിയ മേഖലയിലും കടൽ ​പ്രക്ഷുബ്​ധമായിരിക്കും. ഇവിടെ തിരമാലകൾ മൂന്നു മുതൽ നാലു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്​. 

അറബിക്കടലിൽ രൂപം കൊണ്ട ‘​മെകുനു’ കൊടുങ്കാറ്റ്​ കാറ്റഗറി ഒന്ന്​ വിഭാഗത്തിൽ പെടുന്ന ചുഴലിക്കാറ്റായി മാറിയിരുന്നു. നിലവിൽ കാറ്റിന്​ മണിക്കൂറിൽ 135 മുതൽ 117 കി​േലാമീറ്റർ വരെയാണ്​ വേഗത. സലാല തീരത്തേക്ക്​ അടുക്കുന്ന ചുഴലിക്കാറ്റ്​ അടുത്ത 36 മണിക്കൂറിനുള്ളിൽ ശക്​തിയാർജിച്ച്​ കാറ്റഗറി രണ്ട്​ വിഭാഗത്തിലേക്ക്​ മാറാൻ സാധ്യതയുണ്ടെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - mekunu cyclone: Salalah Airport Closed -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.