മീഡിയവൺ ഒമാൻ ലുലു സ്റ്റാർ ഷെഫ് മത്സരത്തിൽ വിജയികളായവർ സംഘാടകരോടൊപ്പം
മസ്കത്ത്:മീഡിയവൺ ഒമാൻ ലുലു സ്റ്റാർ ഷെഫ് മത്സരത്തിൽ മുഹ്സിന അജ്മലിനെ സ്റ്റാർ ഷെഫായി തിരഞ്ഞെടുത്തു. ഒമാനിലെ സുഹാർ ലുലുവിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിലാണ് 150 റിയാലിന്റെ ഒന്നാം സമ്മാനം മുഹ്സിന നേടിയത്.
ഒമാനിലെ സ്റ്റാർ ഷെഫിനെ തെരഞ്ഞെടുക്കാനായി മീഡിയവൺ ഒരുക്കിയ മത്സരത്തിലേക്ക് വന്ന നൂറോളം എൻട്രികളിൽ നിന്ന് തെരഞ്ഞെടുത്തവരാണ് ഫൈനൽ പോരാട്ടത്തിന് അണിനിരന്നത്.ഷഹനാസ് ഷറഫുദ്ദീൻ രണ്ടാം സ്ഥാനവും ഖാമില തൗഫീഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേക്ക് ഡെക്കറേഷൻ വിഭാഗത്തിൽ ഡിയാന ജോബിൻ ആണ് ഒന്നാം സ്ഥാനം നേടിയത്. ഷാദിയ ബാനു,ഡിംപിൾ ശ്രീനാഥ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
കുട്ടി ഷെഫുകളെ കണ്ടെത്താനായി ഒരുക്കിയ ജൂനിയർ ഷെഫ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് മുഹമ്മദ് ഷഹ്സാദ് ആയിരുന്നു. ആമിന ഫർഹ, വരുണിക എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ഷെഫ് സുരേഷ് പിള്ള, ജെനിൽ ജേക്കബ്, ഫജീദ ആഷിഖ്, സാമുവൽ മാത്യു എന്നിവരായിരുന്നു വിധികർത്താക്കൾ.
പാചകമത്സരം കൂടാതെ വരയിലും കളറിങ്ങിലും കഴിവ് തെളിയിക്കുന്ന കുട്ടികൾക്കായി ലിറ്റിൽ പിക്കാസോയും സംഘടിപ്പിച്ചിരുന്നു.നൂറിലേറെ കുട്ടികളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. പരിപാടിയോട് അനുബന്ധിച്ച് സെലിബ്രിറ്റി ഷെഫും മത്സരങ്ങളുടെ പ്രധാന വിധികർത്താവുമായി ഷെഫ് പിള്ളയുടെ ലൈവ് കുക്കിങ്ങായിരുന്നു ആകർഷകമായ മറ്റൊന്ന്. വേദിയിൽ തന്നെ ഷെഫ് പാൽകൊഞ്ച് വിഭവം തയാറാക്കിയത് കാണികൾ ഏറെ കൗതുകത്തോടെയാണ് കണ്ടത്. പാചക രംഗത്തെയും റസ്റ്റാറന്റ് മേഖലയിലെയും സംശയങ്ങൾക്ക് ഷെഫ് പിള്ള മറുപടി നൽകിയ ഷെഫ് തിയറ്ററും സംഘടിപ്പിച്ചിരുന്നു. മീഡിയവൺ ജി.സി.സി എഡിറ്റോറിയൽ ഹെഡ് എം.സിഎ നാസർ ഷെഫ് തിയറ്ററിന് നേതൃത്വം നൽകി.
മീഡിയവൺ ജി.സി.സി ഓപറേഷൻ മാനേജർ സവാബ് അലി, ലുലു സുഹാർ ജി.എം. ഇസ്മായിൽ, ഷെഫ് പിള്ള, ഷഫ്നാസ് അനസ്, സ്റ്റാർ ഷെഫ് ജഡ്ജസ് എന്നിവർ വിജയികൾക്കുള്ള പുരസ്കാരങ്ങൾ നൽകി.കാണികൾക്കായി തത്സമയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഒമാൻ ഒയാസിസ് മാർക്കറ്റിങ് മാനേജർ ഖാലിദ് അഹമദ് അൽ ഹഷാമി, മസൂൺ സെയിൽസ് സൂപ്പർ വൈസർ ഷമീർ കൊടക്കാടൻ, ജി ഗോൾഡ് റീജിയനൽ മാനേജർ ടി.വി.ഷബീർ എന്നിവർക്ക് മീഡിയവണിന്റെ ഉപഹാരങ്ങൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.