സലാല ഇന്ത്യൻ സ്കൂളിനും വിദ്യാഭ്യാസ പ്രവർത്തകരായ ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ,
ഡോ. വി.എസ്. സുനിൽ, ഹുസൈൻ കാച്ചിലോടി എന്നിവർക്കും മീഡിയവണിന്റെ ഉപഹാരം
സി.ഇ.ഒ റോഷൻ കക്കാട്ട് സമ്മാനിച്ചപ്പോൾ
സലാല: വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി സലാല ഇന്ത്യൻ സ്കൂളിനെയും വിദ്യാഭ്യാസ പ്രവർത്തകരായ ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ, ഡോ. വി.എസ്. സുനിൽ, ഹുസൈൻ കാച്ചിലോടി എന്നിവരെയും മീഡിയവൺ ആദരിച്ചു. മബ്റൂക് ഗൾഫ് ടോപേഴ്സ് വേദിയിലായിരുന്നു ആദരം.
ഇരുപതിലധികം രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് കഴിഞ്ഞ 40 വർഷത്തിലധികമായി വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുനൽകുന്ന സലാലയിലെ ഏക അംഗീകൃത കമ്യൂണിറ്റി വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ സ്കൂൾ സലാല. 1981ൽ കുറഞ്ഞ വിദ്യാർഥികളുമായി തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് 4300ലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖും പ്രിൻസിപ്പൽ ദീപക് പഠാങ്കറും ചേർന്നാണ് മെമന്റോ ഏറ്റുവാങ്ങിയത്.
വിദ്യാഭ്യാസ മേഖലയിൽ തങ്ങളുടേതായ സംഭാവനകൾ നിർവഹിച്ച ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ ദോഫാർ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലാറാണ്. ഈ സീറ്റിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനാണിദ്ദേഹം. യു.പിയിലെ ലഖ്നോ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ഒരു വ്യാഴവട്ടമായി സലാലയിലുണ്ട്. മന്ത്രാലയത്തിന്റെ പല നയരൂപവത്കരണ ബോഡികളിലും ഇദ്ദേഹം അംഗമാണ്.
വിദ്യാഭ്യാസ വിചക്ഷകനായ ഡോ. വി.എസ്. സുനിൽ അഡ്മിനിസ്ട്രേഷനിൽ പിഎച്ച്.ഡിയും എം.ബി.എയും നിരവധി മാസ്റ്റർ ഡിഗ്രികളുമുള്ള ഒമാനിലെത്തന്നെ ഏറ്റവും ക്വാളിഫൈഡായ പ്രവാസികളിലൊരാളാണ്. സലാലയിലെ പ്രമുഖ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ബിർള വേൾഡ് സ്കൂൾ ഇദ്ദേഹം മുൻകൈയെടുത്താണ് സ്ഥാപിച്ചത്. ദീർഘകാലം ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റായിരുന്നു. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ സലാല ചാപ്റ്റർ പ്രസിഡന്റായിരുന്നു. വിവിധ ഉന്നത സ്ഥാപനങ്ങളുടെ ലീഡർഷിപ്പിൽ സേവനം ചെയ്തിട്ടുണ്ട്.
ഹുസൈൻ കാച്ചിലോട് കോഴിക്കോട് കാപ്പാട് സ്വദേശിയാണ്. പതിറ്റാണ്ടുകളായി സലാലയിലെ സമാന്തര വിദ്യാഭ്യാസ മേഖലയിലെ സംഘാടകനാണിദ്ദേഹം. മുഖ്യധാരയിൽ കാശ് കൊടുത്ത് പഠിക്കാൻ സാധ്യമല്ലാത്തവർക്ക് വിദ്യാഭ്യാസം പകർന്നുനൽകുകയായിരുന്നു ഇദ്ദേഹം. വിദ്യാഭ്യാസം നിന്നുപോകുമായിരുന്ന പലർക്കും ഫീസ് ഒന്നും വാങ്ങാതെത്തന്നെ ഹുസൈൻ മാഷ് അറിവ് പകർന്നുനൽകുകയായിരുന്നു. ഇഖ്റഅ് അക്കാദമിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഹുസൈൻ കെ.എം.സി.സി, സിജി, കെ.എസ്.കെ തുടങ്ങിയ സോഷ്യൽ മേഖലയിലും മുൻനിരയിലുള്ളയാളാണ്.
മൂന്നുപേർക്കും മീഡിയവണിന്റെ ഉപഹാരം സി.ഇ.ഒ റോഷൻ കക്കാട്ടാണ് കൈമാറിയത്. ചടങ്ങിൽ ജി.സി.സി ജനറൽ മാനേജർ സവാബ് അലി, ബിസിനസ് സൊലൂഷൻസ് ഹെഡ് ഷഫ്നാസ് അനസ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.