മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റ് ജനറൽ നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. വിപണിയിലെ നിയമലംഘനങ്ങൾ തടയാൻ അധികൃതർ നടത്തുന്ന കർശന നിരീക്ഷണങ്ങളുടെ ഭാഗമായാണ് നടപടി. ഒരു സംഘം പ്രവാസി തൊഴിലാളികൾ താമസ്ഥലം കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി പുകയില ഉൽപന്നങ്ങളും മറ്റും വിൽക്കുന്നതായി ഡയറക്ടറേറ്റിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, നടത്തിയ റെയ്ഡിലാണ് നിരോധിത ഉൽപന്നങ്ങളും ഇവ പാക്ക് ചെയ്യാൻ ഉപയോഗിച്ച സാമഗ്രികളും പിടികൂടിയത്. 1,729 പാക്കറ്റ് പാൻ പരാഗ്, 11 പാക്കറ്റ് ചവക്കുന്ന പുകയില, 500 ബാഗ് പുകയില ഉൽപന്നങ്ങൾ എന്നിവക്കു പുറമെ 51 കിലോ അസംസ്‌കൃത അടക്ക, 400 ഒഴിഞ്ഞ പാക്കിങ് കവറുകൾ, പാക്കിങ്ങിനായി സൂക്ഷിച്ച 1,000 കെട്ട് മറ്റ് സാമഗ്രികൾ എന്നിവയാണ് റെയ്ഡിൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മൊത്തം നിരോധിത ഉൽപന്നങ്ങളുടെ എണ്ണം 2,200 ലധികം വരും. ഇവയുടെ വിൽപനയിലൂശട ലഭിച്ചതെന്ന് കരുതുന്ന വൻ തുകയും സംഭവസ്ഥലത്ത് നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
പിടിച്ചെടുത്ത തൊണ്ടിമുതലുകളും പണവും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, നിയമലംഘകർക്കെതിരെയുള്ള തുടർനടപടികൾക്കായി കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു. നിരോധിത ഉൽപന്നങ്ങളുടെ വിപണനത്തിനെതിരെ ശക്തമായ പരിശോധനകൾ തുടരുമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി വ്യക്തമാക്കി. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരമറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.