സലാല: ദോഫാർ ഗവർണറേറ്റിൽ ‘ഭക്ഷ്യ സുരക്ഷാ ഫോറം ആൻഡ് എക്സിബിഷൻ 2026’ ന് തിങ്കളാഴ്ച തുടക്കമാവും. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ദോഫാർ ശാഖ, ദോഫാർ ഗവർണറുടെ ഓഫീസ്, കൃഷി-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് സലാലയിൽ സംഘടിപ്പിക്കുന്ന ഫോറത്തിൽ ഭക്ഷ്യ സുരക്ഷാ രംഗത്തെ നയരൂപകർത്താക്കൾ, നിക്ഷേപകർ, സംരംഭകർ, വ്യവസായ വിദഗ്ദ്ധർ എന്നിവർ പങ്കെടുക്കും.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ഫോറം അരങ്ങേറുക. ഒമാന്റെ കാർഷിക-ഭക്ഷണ മേഖലകളിലെ നിക്ഷേപ സാധ്യതകൾ ഉയർത്തിക്കാട്ടാനും നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താനും ഈ രംഗത്തെ മത്സരശേഷി വർധിപ്പിക്കാനുമുള്ള ഒരു ദേശീയ പ്ലാറ്റ്‌ഫോമായിട്ടാണ് ഈ ഫോറം രൂപകൽപന ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായുള്ള പ്രദർശനം ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ അത്തീൻ പ്ലെയിനിൽ നടക്കും. കൃഷി, കന്നുകാലി-മത്സ്യബന്ധനം, ഭക്ഷ്യ വ്യവസായങ്ങൾ, ആധുനിക കാർഷിക സാങ്കേതികവിദ്യകൾ, ലോജിസ്റ്റിക്സ്, ഫിനാൻസ്, ഇൻവെസ്റ്റ്‌മെന്റ് എന്നീ മേഖലകളെ പ്രതിനിധീകരിച്ച് നൂറോളം പ്രദർശകർ പങ്കാളികളാകും.
ഭക്ഷ്യസുരക്ഷാ രംഗത്തെ ഒമാന്റെ നേട്ടങ്ങൾ, ‘ഇൻവെസ്റ്റ് ഇൻ ഒമാൻ’ വഴിയുള്ള നിക്ഷേപ സാധ്യതകൾ, നജ്ദ് അഗ്രികൾച്ചറൽ സിറ്റി പ്രോജക്ട് , കാർഷിക മേഖലക്കുള്ള സാമ്പത്തിക സഹായങ്ങൾ, ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയെക്കുറിച്ച് വിവിധ മന്ത്രാലയങ്ങളും സംഘടനകളും ഫോറത്തിൽ പ്രത്യേക പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കൂടാതെ, കാർഷിക-ഭക്ഷണ നിക്ഷേപങ്ങളെ പിന്തുണക്കാനായി ഭവന-നഗരാസൂത്രണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഉസുഫ്രക്ട് കരാറുകളിൽ (ഭൂമി വിനിയോഗ കരാർ) ഒപ്പുവെക്കലും ചടങ്ങിൽ നടക്കും. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ‘ഒമാൻ വിഷൻ 2040’ ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ ഫോറം ഒരു തന്ത്രപ്രധാനമായ ചുവടുവെപ്പാണെന്ന് ഒ.സി.സി.ഐ ദോഫാർ ചെയർമാൻ നായിഫ് ബിൻ ഹമദ് ഫാദിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.