ഒമാനിൽ ഡെങ്കിപ്പനി കേസുകളിൽ വർധനയില്ലെന്ന് ആരോഗ്യ മന്ത്രാലയം
മസ്കത്ത്: ഒമാനിൽ നിലവിൽ ഡെങ്കിപ്പനി കേസുകളിൽ വർധനയില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായതായി മന്ത്രാലയം വ്യക്തമാക്കി.
ഉയർന്ന താപനില, ഈർപ്പം, മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളം എന്നിവ കൊതുകുകൾ പെരുകാൻ അനുകൂലമായ സാഹചര്യങ്ങളാണ്. ഇത്തരം സാഹചര്യങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കാനുള്ള സാധ്യത വർധിക്കും.രോഗബാധിതമായ എയ്ഡിസ് ഈജിപ്തി കൊതുകിന്റെ കടിയിലൂടെയാണ് രോഗം പകരുന്നത്. കടുത്ത പനി, തലവേദന, പേശികളിലും സന്ധികളിലും വേദന, ഛർദി, വിശപ്പില്ലായ്മ, ചർമത്തിൽ പാടുകൾ, അമിത ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
കൊതുകുകളുടെ പ്രജനനം തടയാൻ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങൾ അടച്ചുവെക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. നീന്തൽക്കുളങ്ങൾ, മൃഗങ്ങൾക്ക് വെള്ളം നൽകുന്ന പാത്രങ്ങൾ എന്നിവയിലെ വെള്ളം പതിവായി മാറ്റണമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.