മബേല ഇന്ത്യൻ സ്കൂളിലെ പുതിയ കെട്ടിടം കുട്ടികൾക്കായി സമർപ്പിക്കുന്ന ചടങ്ങിൽനിന്ന്
മബേല: ഇന്ത്യൻ സ്കൂൾ മബേലയിൽ നിർമിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇ-ബ്ലോക്ക് കെട്ടിടം പ്രൗഢഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം വിദ്യാർഥികൾക്കായി സമർപ്പിച്ചു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനും മബേല സ്കൂളിന്റെ ഡയറക്ടർ ഇൻ ചാർജ്ജുമായ സയ്യിദ് സൽമാൻ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ഗ്രീവൻസ് കമ്മിറ്റി ചെയർപേഴ്സണും മബേല സ്കൂളിന്റെ ഡയറക്ടർ ഇൻ ചാർജുമായ എസ്. കൃഷ്ണേന്ദു, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചീഫ് ഓപറേറ്റിങ് ഓഫിസർ വി.കെ. ഡോ. ഗോകുൽദാസ് , സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീം ഹുസൈൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, ഓഫിസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.
ശിശുകേന്ദ്രീകൃതമായ പഠന സമീപനങ്ങളുടെ വിപുലമായ സൗകര്യങ്ങൾ സമന്വയിപ്പിച്ചുകൊണ്ടും പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ള ബാലവതി ക്ലാസുകൾക്ക് അനുയോജ്യമായ പശ്ചാത്തലവുമൊരുക്കിയുമാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. വിദ്യാർഥികളിൽ അക്കാദമികവും വൈകാരികവും സാമൂഹികവുമായ വികസനം പരിപോഷിപ്പിക്കുന്നതിനും വാഗ്ദാനപ്രദമായ ഭാവിക്കായി അവരെ സജ്ജമാക്കുന്നതിനുമുള്ള മബേല സ്കൂളിന്റെ മാതൃകാ പ്രവർത്തനത്തെ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ പ്രശംസിച്ചു. വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി പുതിയകെട്ടിടം ഉപയോഗപ്പെടുത്താൻ കഴിയട്ടെയെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.