ആകാശ ചെരുവിൽ റമദാൻ നോമ്പിന്റെ ആദ്യ നിലാവ് വന്നെത്തുമ്പോഴെല്ലാം എന്റെ കുട്ടിക്കാലത്തെ രുചികരമായ ഇഫ്താർ പൊതികളും ഓർമയിലെത്തും. അയൽപക്കത്തെ മുസ്ലിം വീടുകളിലെ ഉമ്മമാരാണ് വിഭവങ്ങൾ നിറച്ച പാത്രങ്ങൾ നൽകുന്നത്. ഓണവും, വിഷുവും വരുമ്പോൾ ഞങ്ങൾ അങ്ങോട്ടും, നോമ്പും, പെരുന്നാളും വരുമ്പോൾ അവർ ഇങ്ങോട്ടും കൈക്കുടന്നയിൽ പങ്ക് വെക്കുന്ന സ്നേഹം പഠിപ്പിച്ച മാതാപിതാക്കളുടെ നന്മയെത്ര വലുതാണെന്ന് ഇപ്പോഴാണെനിക്ക് മനസ്സിലാവുന്നത്.
പ്രവാസ ജീവിതത്തിലെ എടുത്തു പറയേണ്ട സന്തോഷമാണ് വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹം. മനുഷ്യൻ വരച്ച എല്ലാ അതിർവരമ്പുകളും മറികടന്നുള്ള ആത്മാർഥതതയുള്ള ബന്ധങ്ങൾ ഇവിടെ തളിർത്ത് വളരുന്നുണ്ട്. വ്യത്യസ്ത ജാതി, മത വിഭാഗങ്ങൾ മാത്രമല്ല, വിവിധ രാജ്യക്കാരുമായി പോലും ഇഫ്താർ പോലുള്ള സ്നേഹവിരുന്നിലൂടെ ഊഷ്മളമായ സ്നേഹ സൗഹൃദ ബന്ധങ്ങളുണ്ടാക്കാൻ കഴിയുന്നുണ്ട്. വർഷം തോറും മറുനാട്ടിൽ മലയാളി അസോസിയേഷനിലും, അൽ അൻസാബ് മോഡേൺ ബേക്കറിയിലും സംഘടിപ്പിച്ചു വരുന്ന ഇഫ്താറുകളിലൂടെ അതിനെനിക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്.
ദൈവ വിശ്വാസികളുടെ ഏറ്റവും വലിയ പ്രത്യേകത, ദൈവ പ്രീതി ആഗ്രഹിച്ചു കൊണ്ടവർ സൽപ്രവർത്തികൾ ചെയ്യുന്നു എന്നതാണ്. ഈ കർമത്തിന്റെ പേരിൽ ഈശ്വരന്റെ അദൃശ്യമായ അനുഗ്രഹം തീർച്ചയായും ലഭിക്കുമെന്ന് വിശ്വാസമാണ് അതിന് പ്രേരിപ്പിക്കുന്നത്. വ്യക്തി ജീവിതത്തിലായാലും, ബിസിനസ് രംഗത്തായാലും ഉയർച്ച പോലെ തന്നെ തളർച്ചയും നാം അനുഭവിക്കേണ്ടി വരും. കോവിഡ് പോലെ അത്യന്തം ഭീകരമായ കാലം കടന്നു പോയില്ലേ.. എല്ലാം തകർന്ന് പോയി എന്ന് തോന്നിയിടത്ത് നിന്ന് പുനർജീവനം സാധ്യമായി. എന്തെല്ലാം പാഠങ്ങളാണ് അതിലൂടെ പഠിക്കാൻ കഴിഞ്ഞത്. നമ്മുടെ കൈ പിടിക്കാൻ ആരെങ്കിലുമൊരാൾ വന്നിരിക്കും. അതാണ് ഈശ്വര സാന്നിധ്യം കൊണ്ടുള്ള ഇടപെടൽ. ഞങ്ങൾക്കും ഉണ്ടായി അത്തരം ജീവിത അനുഭവങ്ങൾ.
ജീവിതത്തിൽ പ്രയാസം അനുഭവിക്കുന്നവർക്ക് നേരെ അനുകമ്പയുള്ളവരായിക്കൊണ്ട് പ്രവാസികൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾക്കും, ഐശ്വര്യങ്ങൾക്കും നന്ദി കാണിക്കുവാൻ നാം ശ്രമിക്കണം. റമദാൻ നൽകുന്ന ഈ തിരിച്ചറിവാണ് നാം അടുത്ത തലമുറക്ക് കൈമാറേണ്ടത്. സന്തോഷങ്ങളെ പോലെ ദുഃഖങ്ങൾ പങ്കുവെക്കാൻ പറ്റുന്ന ഇടങ്ങളായി നമ്മുടെ കൂട്ടായ്മകൾ ഉയരേണ്ടതുണ്ട്. ഈശ്വര പൂജയോടൊപ്പം സകല തിന്മകളും ചെയ്യുന്നത് കൊണ്ട് ഒരു കാര്യവുമില്ല. മരണാനന്തരം എന്താണുണ്ടാവുകയെന്നെനിക്കറിയില്ല. എന്നാൽ, ഇന്നത്തെ ജീവിതം പരോപകാരപ്രദമാക്കി തീർക്കുവാൻ വേണ്ട സൽകർമങ്ങൾ ചെയ്യേണ്ടതുണ്ട്. അത് നമ്മളെ ഇന്നല്ലെങ്കിൽ നാളെ സന്തോഷകരമാക്കിയിട്ടുണ്ടാവും.
ഒമാനിലെ ജീവിതം എനിക്കേറെ ഇഷ്ടമാണ്. പ്രവാസികളായ നമുക്ക് ലഭിക്കുന്ന സാമൂഹിക സുരക്ഷിതത്വവും, സമാധാനവും ഒരു ചെറിയ കാര്യമല്ലല്ലോ. ഇവിടെ ഒരാൾ മറ്റൊരാളുടെ കുടുംബ സ്വകാര്യതകൾ ചികഞ്ഞു നടക്കുന്നില്ല. ജീവിതം ശാന്തമാണ്. മറ്റാരാളും പരിഹസിക്കപ്പെടുന്നില്ല. അനാവശ്യ സമരങ്ങൾ ഇല്ല. കുഞ്ഞുങ്ങൾക്ക് പഠിക്കാനും, വളരാനും കഴിയുന്ന സാഹചര്യം ധാരാളമുണ്ട്. അതിന് ഈ നാട്ടിലെ ഇസ്ലാം വിശ്വാസവും, പാലിക്കപ്പെടുന്ന പൊതു നിയമങ്ങളും കാരണമാകുന്നുണ്ടാവുമെന്നാണ് എന്റെ വിശ്വാസം.
ഇന്ന് നാട്ടിൽ നിന്ന് വരുന്ന വാർത്തകളെന്ത് മാത്രം നമ്മുടെ മനസ്സിനെ മുറിപ്പെടുത്തുന്നതാണ്. കുടുംബത്തോടെ കൂട്ട ആത്മഹത്യ ചെയ്യുന്നതും, സ്വന്തം കുടുംബത്തിലെ മാതാവിനേയും, സഹോദരങ്ങളേയും, ബന്ധുക്കളേയും കൂട്ടക്കൊല ചെയ്യുന്നതും, സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതും എത്ര പൈശാചികമാണ്. കുടുംബം പവിത്രമാണ് എന്നതൊന്നും കുഞ്ഞുങ്ങൾക്ക് അറിയുന്നേയില്ല. നമ്മുടെ വീടകങ്ങൾ മാതാപിതാക്കൾ മക്കളോടൊപ്പം കഴിഞ്ഞു സ്നേഹസൗഹാർദ പൂർണമാകട്ടെ. താൻ പാതി ദൈവം പാതി എന്നാണല്ലോ.. നമുക്ക് ചെയ്യാനുള്ളത് ചെയ്യുന്നതോടൊപ്പം അവരിൽ ഈശ്വര ചിന്ത വളർത്താനും ശ്രമിക്കാം.
ഒരു റമദാൻ വിശേഷം കുറിക്കുമ്പോൾ ഇത്രയേറെ വിചാരങ്ങൾ മനസ്സിലെത്തുവെങ്കിൽ ഈശ്വര ചിന്തയിൽ ജീവിക്കുന്ന മനുഷ്യരിൽ ഉണ്ടാകുന്ന സത്കർമങ്ങൾക്ക് അതിരുണ്ടാവുകയില്ല. തിന്മകളെ ചെറുക്കാൻ നന്മകൾ നട്ടു വളർത്താം. ഉള്ളൂരിന്റെ വരികളിലും നേട്ടം ലഭിക്കുന്നത് നൽകുന്നിടത്ത് നിന്ന് തന്നെയല്ലേ..
'നമിക്കിലുയരാം നടുകിൽതിന്നാം നൽകുകിൽ നേടീടാം..
നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.