മസ്കത്ത്: ലോക്ഡൗൺ കാലം സർഗാത്മകമാക്കിയത് സ്ത്രീകളും കുട്ടികളും ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഭാവനക്കും അഭിരുചിക്കും അനുസരിച്ച് ഫോട്ടോഗ്രഫി, പാചകം, കരകൗശല വിദ്യകൾ, മേക്കപ് ടിപ്പുകൾ തുടങ്ങി ലളിതവും നൂതനവുമായ ആശയങ്ങളുമായി നിരവധി പേർ രംഗത്തുവന്നു. അങ്ങനെയുള്ള രണ്ടു കൊച്ചുമിടുക്കികളാണ് മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി നിയതി ശ്രീകുമാറും സഹോദരിയും മൂന്നാം ക്ലാസ് വിദ്യാർഥിനിയുമായ ശ്രീനിധി ശ്രീകുമാറും. സൂപ്പർ കൂൾ ചിന്നൂസ് ആൻഡ് പൊന്നൂസ് എന്ന് പേരുള്ള ഇവരുടെ യൂട്യൂബ് ചാനലിൽ ലോക്ഡൗൺ കാലത്ത് ഒമ്പതു വിഡിയോകളാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്. അതിൽ മിക്കതും കരവിരുതുമായി ബന്ധപ്പെട്ടതാണ്. ഗ്രീറ്റിങ് കാർഡ് തയാറാക്കുന്നതും പഴയ പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നതുമെല്ലാം ആത്മവിശ്വാസത്തോടെ കാമറക്ക് മുന്നിൽനിന്ന് ലളിതമായി വിശദീകരിച്ച് നൽകുന്നു. ലോക നൃത്തദിനത്തിെൻറ ഭാഗമായി നടത്തിയ നൃത്തത്തിെൻറയും പാലും പഴവും ഒക്കെ ഉപയോഗിച്ച് ഹെൽത്തി ഡ്രിങ്ക് ഉണ്ടാക്കുന്നതിെൻറയും വിഡിയോകളാണ് ലോക്ഡൗൺ കാലത്ത് ചെയ്തത്.
ഇരുവരും ശാസ്ത്രീയ നൃത്തം പഠിച്ചിട്ടുണ്ട്. കരകൗശല വസ്തുക്കളുടെ നിർമാണം വിവിധ യൂട്യൂബ് ചാനലുകളിൽനിന്നാണ് പഠിച്ചെടുത്തത്. മസ്കത്തിൽ താമസിക്കുന്ന കോട്ടയം സ്വദേശികളായ ശ്രീകുമാറിെൻറയും നീലിമയുടെയും മക്കളാണ് ഇരുവരും. വിഡിയോ ഷൂട്ട് ചെയ്യുന്നതും യൂട്യൂബിൽ അപ്ലോഡ് ചെയുന്നതും അമ്മ നീലിമയാണ്. ലോക്ഡൗൺ മുഷിപ്പ് അകറ്റാൻ എന്ത് ചെയ്യാമെന്ന ചിന്തയിൽനിന്നാണ് ഡാൻസ് ആൻഡ് ക്രാഫ്റ്റ് ലേണിങ് വിഡിയോകൾ ഉണ്ടാക്കാൻ തോന്നിയതെന്ന് രണ്ട് മിടുക്കികളും പറയുന്നു. വിഡിയോകൾ വാട്സ്ആപ്പിലൂടെ ആദ്യം കൂട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തു. ഇവർ നല്ല അഭിപ്രായം പറഞ്ഞതോടെയാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ തുടങ്ങിയതെന്ന് നിയതിയും ശ്രീനിധിയും പറഞ്ഞു. നിരവധി ആളുകൾ വിഡിയോ കണ്ട് നല്ല അഭിപ്രായങ്ങൾ പറഞ്ഞതായി ഇരുവരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.