മസ്കത്ത്: ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ ബദർ അൽസമാ ഹോസ്പിറ്റലുമായി ചേർന്ന് ‘ലയൺസ് ഹെൽത്ത് കെയർ: ബൂസ്റ്റ് യുവർ ഹെൽത്ത്‘ എന്ന പേരിൽ മെഡിക്കൽ അവബോധ കാമ്പയിൻ നടത്തും. വെള്ളിയാഴ്ച റൂവിയിലെ ഹഫ ഹൗസ് ഹോട്ടലിൽ വൈകീട്ട് 5.30 മുതലാണ് പരിപാടി. വ്യക്തികളുടെയും കുടുംബത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
ബദർ അൽസമ ഹോസ്പിറ്റലിലെ സീനിയർ സ്പെഷലിസ്റ്റ് ഡോക്ടർമാരായ ഡോ. ബഷീർ ആലിക്കാപറമ്പിൽ, എച്ച്.ഒ.ഡി ഇന്റേണൽ മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ ജെറാൾഡ് ഡി കോസ്റ്റ, സൈക്യാട്രിസ്റ്റ് ഡോ. സി.കെ. സുഹൈൽ, ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ഡോ. ബൊആസ് വിൻസെന്റ്, റേഡിയേഷൻ ഓങ്കോളജി സ്പെഷലിസ്റ്റ് എന്നിവർ ക്ലാസിന് നേതൃത്വം നൽകും. അഞ്ചു സെഷനുകളായി തിരിച്ചിരിക്കുന്ന ബോധവത്കരണ കാമ്പയിനിൽ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ, സ്ട്രെസ്സ് മാനേജ്മെന്റ്, കുട്ടികളിലെ കാൻസർ, ക്രിട്ടിക്കൽ കെയർ, പ്രഥമ ശുശ്രൂഷ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ എല്ല മേഖലകളും വിശദീകരിക്കും.
സി.പി.ആർ പരിശീലനവും നൽകും. കാൻസർ നേരത്തേ കണ്ടെത്താൻ പരിശോധനകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ബദർ അൽസമ ഹോസ്പിറ്റൽ പ്രത്യേക നിരക്കുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ക്ലബ് പ്രസിഡന്റ് പി.എം.ജെ.എഫ് ലയൺ ജയശങ്കർ, സെക്രട്ടറി ശശികുമാർ, ട്രഷറർ അനീഷ് സി. വിജയ്, അഡ്മിനിസ്ട്രേറ്റർ അനൂപ് സത്യൻ, മെഡിക്കൽ അവയർനസ് കാമ്പയിൻ കൺവീനർ ലിജു ജോസഫ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.